കേരളത്തിന്റെ ആരോഗ്യ-കായിക മേഖലയിൽ സഹകരിക്കാൻ ക്യൂബ

തിരുവനന്തപുരം: ആരോഗ്യ, കായിക മേഖലകളിൽ കേരളവുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ക്യൂബ. ക്യൂബയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ബയോക്യൂബ ഫാർമയുമായി സഹകരിച്ച് കേരളത്തിൽ വാക്‌സിൻ നിർമാണ കേന്ദ്രം സ്ഥാപിക്കാനുള്ള താൽപര്യം മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ അനുബന്ധ മേഖലകളിൽ ആഗോള പങ്കാളിത്തവും നിക്ഷേപവും മുഖ്യമന്ത്രി സ്വാഗതം ചെയ്തു.

പബ്ലിക് ഹെൽത്ത് കെയർ, ട്രോപ്പിക്കൽ മെഡിസിൻ, ന്യൂറോ സയൻസ് റിസർച്, മോളിക്യുലാർ ഇമ്യൂണോളജി, അർബുദ ചികിത്സ തുടങ്ങിയ മേഖലകളിൽ ലോകപ്രശസ്തമായ ക്യൂബൻ ആരോഗ്യ സംവിധാനത്തെക്കുറിച്ച് മുഖ്യമന്ത്രി ചർച്ചയിൽ സൂചിപ്പിച്ചു.

ക്യൂബയിലേയും കേരളത്തിലെയും ആരോഗ്യ സ്ഥാപനങ്ങൾ തമ്മിൽ സഹകരണത്തിനും നിരന്തര ആശയ വിനിമയത്തിനുമുള്ള സാഹചര്യങ്ങൾ ഒരുക്കും. വാർഷിക ശിൽപശാലകളിലൂടെയും മറ്റും ഈ രംഗത്തെ ബന്ധം സുദീർഘമായി നിലനിർത്താൻ കഴിയുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

തുടർ നടപടികൾക്കായി കേരളത്തിലെയും ക്യൂബയിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ് രൂപവത്കരിക്കും. കേരളത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇതിന് നേതൃത്വം വഹിക്കും.

ആരോഗ്യ, ഗവേഷണ, നിർമാണ രംഗത്തെ കൂടുതൽ ചർച്ചകൾക്കായി വിദഗ്ധരുടെ നേതൃത്വത്തിലെ ക്യൂബൻ പ്രതിനിധി സംഘത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജും സംസാരിച്ചു.

ബയോക്യൂബഫാർമ പ്രസിഡന്റ് എഡ്വാർഡോ മാർട്ടിനെസ് ഡിയസ്, നാഷനൽ സെന്റർ ഫോർ ന്യൂറോ സയൻസസ് ഡയറക്ടർ ജനറൽ ഡോ. മിച്ചൽ വാൽഡെസ് സോസ, സെന്റർ ഫോർ മോളിക്യുലാർ ഇമ്യൂണോളജി ഡയറക്ടർ ജനറൽ എഡ്വാർഡോ ഒജിറ്റോ മാഗസ് എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചക്കാവശ്യമായ സഹകരണത്തിന് ക്യൂബയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എജുക്കേഷൻ ആൻഡ് റിക്രിയേഷൻ വൈസ് പ്രസിഡന്‍റ് റൗൾ ഫോർണെസ് വലെൻസ്യാനോയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.

വോളിബാൾ, ജൂഡോ, ട്രാക് ആൻഡ് ഫീൽഡ് ഇനങ്ങൾ എന്നിവയിൽ കേരളത്തിലെ കായികതാരങ്ങൾക്ക് പരിശീലനം നൽകാൻ ക്യൂബയിൽനിന്നുള്ള പരിശീലകരെ കൊണ്ടുവരാനാവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളും. ഓൺലൈൻ ചെസ് മത്സരങ്ങൾ സംഘടിപ്പിക്കുന്ന സാധ്യതകളും ആരാഞ്ഞു. കായികതാരങ്ങളെ പരിശീലനത്തിന് അയക്കുന്ന എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ സാധ്യതയും ചർച്ചയായി.

മന്ത്രി കെ.എൻ. ബാലഗോപാൽ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന സർക്കാറിന്റെ ന്യൂഡൽഹിയിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Tags:    
News Summary - Cuba to cooperate in Kerala's health and sports sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.