എ.കെ.ജി സെന്‍റർ ക്യൂബൻ അംബാസഡർ സന്ദർശിച്ചു

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി ഓഫിസായ എ.കെ.ജി സെന്റർ ക്യൂബൻ അംബാസഡർ അലെഹാന്ദ്രോ സിമൻകാസ് മാരിൻ സന്ദർശിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി. സതീദേവി, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, പി.കെ. ബിജു എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

നിയമസഭ സ്പീക്കർ എം.ബി. രാജേഷുമായും ക്യൂബൻ അംബാസഡർ കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ ചേംബറിലെത്തിയ ക്യൂബൻ അംബാസഡറെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.

പല കാര്യങ്ങളിലും ക്യൂബയും കേരളവും തമ്മിലുള്ള സമാനതകൾ സംഭാഷണത്തിൽ കടന്നുവന്നു. ക്യൂബൻ വിപ്ലവം, ഫിദൽ കാസ്ട്രോ, ചെ ഗുവേര തുടങ്ങിയ വിപ്ലവകാരികളായ നേതാക്കളുടെ സവിശേഷതകളും സംഭാവനകളും പരാമർശമായി.

എ.കെ.ജി സെന്‍റര്‍ ആക്രമണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

23 ദിവസമായിട്ടും പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. പ്രത്യേക പൊലീസ് സംഘമാണ് കേസന്വേഷിച്ചിരുന്നത്. സെന്ററിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല.

ജൂൺ 30ന് രാത്രി 11.45ഓടെയാണ് സ്കൂട്ടറിലെത്തിയ ആൾ പൊലീസ് കാവലുള്ള സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ഏറുപടക്കത്തിന് സമാനമായ സ്‌ഫോടകവസ്തുവെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ആക്രമണത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താൻ കഴിയാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. അൻപതോളം സി.സി.ടി.വി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. 

Tags:    
News Summary - Cuban Ambassador visited AKG Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.