കൊച്ചി: ദേശം, ഭാഷ ഭേദമെന്യേ കലാകാരൻമാർക്ക് ഒത്തുചേരാനും കലാവിഷ്കാരങ്ങൾ നിർവഹിക്കാനും സംസ്ഥാനത്ത് എല്ലാ ജില്ലയിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നു. 700 കോടിയോളം രൂപ ചെലവിൽ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ബൃഹദ് പദ്ധതി രാജ്യത്തുതന്നെ ഇത്തരത്തിൽ ആദ്യത്തേതാണ്. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന് ഏജൻസിയെ കണ്ടെത്താൻ ടെൻഡർ നടപടി ആരംഭിച്ചു.
കലാകാരൻമാർക്ക് ഒത്തുചേരാനും പരിപാടികൾ അവതരിപ്പിക്കാനും കലാപരിശീലനത്തിനുമുള്ള സൗകര്യം, ജില്ലക്കകത്തും പുറത്തും ഇതര സംസ്ഥാനങ്ങളിൽനിന്നുമുള്ള കലാസംഘങ്ങൾക്ക് താമസിച്ച് പരിപാടികൾ അവതരിപ്പിക്കാൻ സൗകര്യം, കലാസൃഷ്ടികൾ വിൽക്കാൻ സ്റ്റാൾ, പുസ്തകശാല എന്നിവ ഉൾപ്പെടുന്നതാകും സമുച്ചയങ്ങൾ. ഒാരോ ജില്ലയുടെയും സാംസ്കാരിക സ്വഭാവം പ്രതിഫലിപ്പിക്കുന്നതാകും ഇവയുടെ ഘടന. അതത് ജില്ലയിലെ നവോത്ഥാന നായകരുടെ പേരിലാകും സമുച്ചയങ്ങൾ അറിയപ്പെടുക. ആലപ്പുഴയിൽ പി. കൃഷ്ണപിള്ളയുടെയും തിരുവനന്തപുരത്ത് അയ്യങ്കാളിയുടെയും പേരിലാവും ഇവ.
ഒാരോ ജില്ലയിലും മൂന്നര മുതൽ അഞ്ച് ഏക്കർ വരെ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. 40-50 കോടി ചെലവിലാവും ഒാരോ സമുച്ചയവും. പത്തു ജില്ലകളിൽ സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ റവന്യൂവകുപ്പിൽനിന്ന് സാംസ്കാരിക വകുപ്പിന് സ്ഥലം കൈമാറാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ബാക്കി ജില്ലകളിൽ സ്ഥലം കണ്ടെത്താൻ നടപടി പുരോഗമിക്കുന്നു. കഴിവതും ജില്ല ആസ്ഥാനത്തിന് സമീപംതന്നെ സ്ഥലം കണ്ടെത്താനാണ് ശ്രമമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. ‘കിഫ്ബി’ ഫണ്ട് ഉപയോഗിച്ചാകും പദ്ധതി നടപ്പാക്കുക. അതത് സ്ഥലങ്ങളിലെ സാംസ്കാരിക പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം പദ്ധതിക്ക് ഉറപ്പാക്കുമെന്നും ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.