തിരുവനന്തപുരം: നോട്ട് റദ്ദാക്കല്‍ നയം സംസ്ഥാനത്തെ സഹകരണ മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയതായി ആസൂത്രണ ബോര്‍ഡ് നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്‍െറ തനത് നികുതി വരുമാനത്തിന്‍െറ വളര്‍ച്ചയിലും കുറവുണ്ടായി. 2015 ഡിസംബറിനെ അപേക്ഷിച്ച് 2016 ഡിസംബറില്‍ 0.49 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. വാണിജ്യനികുതി പിരിവിലും തളര്‍ച്ച രേഖപ്പെടുത്തി. 2015 ഡിസംബറിനെ അപേക്ഷിച്ച് 2016 ഡിസംബറില്‍ 1.69 ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷനിലും യഥാക്രമം 17.52 ശതമാനത്തിന്‍െറയും 10.60 ശതമാനത്തിന്‍െറയും കുറവും ഈ കാലയളവിലുണ്ടായി.

അതേസമയം, ഇക്കാലയളവിലെ എക്സൈസ് ഡ്യൂട്ടിയും വാഹന വരുമാനവും പുരോഗതിയാണ് കാണിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ തനതുനികുതി വരുമാനത്തില്‍ ഗണ്യമായ തകര്‍ച്ചയുണ്ടാകും. 2016 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ ശരാശരി നികുതി വരുമാന വളര്‍ച്ച നല്ല നിലയിലായിരുന്നെങ്കില്‍ നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ ശരാശരി വളര്‍ച്ച നിരക്ക് നെഗറ്റിവ് 7.83 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ (ജി.എസ്.ഡി.പി) വളര്‍ച്ച നിരക്കിലെ കുറവ് നികുതി പിരിവ് കുറയാന്‍  കാരണമാകും. നോട്ട് റദ്ദാക്കലിനു ശേഷം കേരളത്തിലെ ജി.എസ്.ഡി.പി വളര്‍ച്ച നിരക്ക് ഇപ്പോഴത്തെ വിലനിലവാരമനുസരിച്ച് 14.9 ശതമാനത്തിലും ഗണ്യമായി കുറയാനാണ് സാധ്യത.

നികുതി പിരിവ് 6.85 ശതമാനമായി നില്‍ക്കുകയാണെങ്കില്‍ 2016-17ലെ ബജറ്റ് കണക്ക് പ്രകാരമുള്ള 390 കോടി രൂപയെന്ന നികുതി വരുമാനത്തില്‍ കുറവുണ്ടാകും. ദേശീയ വളര്‍ച്ച നിരക്കിനൊപ്പം സംസ്ഥാന ജി.എസ്.ഡി.പി വളര്‍ച്ച നിരക്കും നില്‍ക്കുകയാണെങ്കില്‍ 2016 -17ലെ നികുതി വരുമാനമായ 1950 കോടി രൂപയില്‍ ഇടിവുണ്ടാകും. വരുമാന തകര്‍ച്ചയുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനം ലക്ഷ്യംവെച്ച 6.85 ശതമാനം നികുതി പിരിവ് യാഥാര്‍ഥ്യമാവാന്‍ സാധ്യതയില്ല. ജി.എസ്.ഡി.പി വളര്‍ച്ച 10-11 ശതമാനത്തില്‍നിന്ന് കുത്തനെ വീഴുകയാണെങ്കില്‍ തനത് വരുമാന നഷ്ടം ഏകദേശം 11,000 കോടി രൂപയാകും.

റിസര്‍വ് ബാങ്കിന് നോട്ടീസ്
ന്യൂഡല്‍ഹി: ജില്ല സഹകരണ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മൂലം, പ്രവര്‍ത്തനം താളം തെറ്റിയ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ സുപ്രീംകോടതിയില്‍. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍െറ നേതൃത്വത്തിലുള്ള നാലംഗ ബെഞ്ച് ഹരജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും റിസര്‍വ് ബാങ്കിനും ജില്ല സഹകരണ ബാങ്കിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ചു.

കണ്ണൂരിലെ പാപ്പിനിശേരി, മാടായി, മൗവഞ്ചേരി സഹകരണ ബാങ്കുകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ സുപ്രീംകോടതി മുമ്പാകെയുണ്ട്. ഈ കേസുകള്‍ക്കു പുറമെ, പ്രാഥമിക സഹകരണ ബാങ്കുകളുടെ വിഷയംകൂടി പരിഗണിക്കാന്‍ നിശ്ചയിച്ചാണ് എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്. അടുത്ത മാസം ഏഴിന് നോട്ടുകേസ് പരിഗണിക്കാനിരിക്കയാണ്.

Tags:    
News Summary - currency demonetization breaks everyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.