നോട്ട് പ്രതിസന്ധി, സര്‍ക്കാര്‍പിടിപ്പുകേട്; തദ്ദേശപദ്ധതിപ്രവര്‍ത്തനം താളംതെറ്റി

തിരുവനന്തപുരം: നോട്ട് പ്രതിസന്ധിയും സര്‍ക്കാര്‍ പിടിപ്പുകേടും കാരണം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം താളംതെറ്റി. ഡിസംബര്‍ മൂന്ന് വരെയുള്ള കണക്ക് പ്രകാരം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിചെലവ് 16.4 ശതമാനം മാത്രമാണ്. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ കീഴ്ജീവനക്കാര്‍ വരെയുള്ള തസ്തികകളിലെ ഒഴിവുകള്‍ നികത്താത്തതും പഞ്ചായത്ത് ഡയറക്ടര്‍ ഉള്‍പ്പെടെ ലീവില്‍ പ്രവേശിച്ചതും പദ്ധതിപ്രവര്‍ത്തനത്തെ തകിടം മറിക്കുന്നു.
ഡിസംബര്‍ മൂന്ന് വരെ ആകെ പദ്ധതി ചെലവ് 767.17 കോടി രൂപ മാത്രമാണ്.

1200 തദ്ദേശസ്ഥാപനങ്ങളില്‍ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ (കഞ്ഞിക്കുഴി, കുട്ടമ്പുഴ, കുഴിമണ്ണ) ഇതുവരെ പദ്ധതിചെലവ് സമര്‍പ്പിച്ചിട്ടുപോലുമില്ല. പദ്ധതി ചെലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആലപ്പുഴയാണ്-20.49 ശതമാനം (60.47 കോടി രൂപ). ഏറ്റവും പിന്നില്‍ തൃശൂരും-11.15 ശതമാനം (47.72 കോടി). മറ്റ് ജില്ലകളുടെ ശതമാനകണക്ക് ഇപ്രകാരമാണ്: തിരുവനന്തപുരം-17.80, കൊല്ലം-16.52, പത്തനംതിട്ട-6.55, കോട്ടയം-11.59, ഇടുക്കി-18.62, എറണാകുളം-13.73, പാലക്കാട്-18.46, മലപ്പുറം-16.15, കോഴിക്കോട്-18.77, വയനാട്-13.82, കണ്ണൂര്‍-18, കാസര്‍കോട്-18.99.

നോട്ട്പ്രതിസന്ധിയോടെ ഒരാഴ്ച പിന്‍വലിക്കാവുന്ന തുക പഞ്ചായത്തുകള്‍ക്കും 24,000 രൂപ ആയി. ഇതോടെ കരാറുകാര്‍ക്ക് പ്രവൃത്തികളുടെ തുക കൊടുക്കാന്‍ കഴിയുന്നില്ല. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാരും മടിക്കുന്നു. ഇത് സാരമായി ബാധിക്കുന്നത് പൊതുമരാമത്ത്പ്രവൃത്തികളെയാണ്. ഒപ്പം സര്‍ക്കാറിന്‍െറ ഭാഗത്ത് നിന്നുള്ള വീഴ്ചകളും സ്ഥിതി ഗുരുതരമാക്കി. പുതിയ പഞ്ചായത്ത്വകുപ്പ് ഡയറക്ടര്‍ ബാലകിരണ്‍ മസൂറിയില്‍ പരിശീലനത്തിന് പോയി.

നിലവില്‍ തന്നെ ജോലിഭാരമുള്ള കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ക്കായി പകരം ചുമതല. 262 ഓളം പഞ്ചായത്തുകളില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സെക്രട്ടറി തസ്തിക ഒഴിഞ്ഞുകിടക്കുന്നു. ജില്ലകളില്‍ പഞ്ചായത്ത് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍ തസ്തികകളില്‍ പകുതിയും നികത്തിയിട്ടില്ല. മാത്രമല്ല, ജീവനക്കാരുടെ സീനിയോറിറ്റി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ തീര്‍പ്പാകാത്തതോടെ ഒഴിവുവന്ന തസ്തികകളില്‍ ജീവനക്കാരില്ലാതായി.

ക്ളര്‍ക്കുമാരുടേതുള്‍പ്പെടെ 500 ഓളം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് പദ്ധതി തുക മാറിയെടുക്കുന്നത് മാറ്റി ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തി. പക്ഷേ, നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കിയില്ല. കഴിഞ്ഞവര്‍ഷം ചെലവഴിക്കാത്ത പദ്ധതി തുക പഞ്ചായത്തുകളുടെ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. എന്നാല്‍, സ്പില്‍ഓവര്‍ പ്രവൃത്തികള്‍ക്കായി അത് ഇതുവരെ നല്‍കിയിട്ടില്ല. ഇതോടെ ഈ വര്‍ഷത്തെ പദ്ധതിതുകയില്‍ നിന്ന് സ്പില്‍ഓവര്‍ പ്രവൃത്തികള്‍ക്ക് ചെലവഴിക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ മാര്‍ച്ച് 31നുതന്നെ ഈ വര്‍ഷത്തെ പദ്ധതികള്‍ക്ക് പഞ്ചായത്തുകള്‍ക്ക് അംഗീകാരം വാങ്ങണമെന്ന മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചെങ്കിലും തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടന്നതോടെ അതും പാളംതെറ്റി.

 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.