കടമെടുത്ത് ഡിസംബര്‍ ശമ്പളം

വരുമാനം കുറഞ്ഞെങ്കിലും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാനുള്ള തയാറെടുപ്പിലാണ് ധനവകുപ്പ്. ഈ മാസത്തെ ശമ്പളത്തെ ഒരു വിധത്തിലും ബാധിക്കില്ളെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിനായി 1200 കോടി രൂപയോളം കടമെടുക്കേണ്ടി വരും. അതിന്‍െറ വിജ്ഞാപനം ഉടന്‍ വരും. നോട്ട് പ്രതിസന്ധിയെതുടര്‍ന്ന് വന്ന വരുമാനക്കുറവിന്‍െറ പ്രത്യാഘാതം ജനുവരിയോടെ കൂടുതല്‍ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസത്തേതുപോലെ ശമ്പളത്തിനായി ഡിസംബറിലും കടമെടുക്കുകയാണ്. ഇക്കുറിയും ക്രിസ്മസിന് മുന്‍കൂര്‍ ശമ്പളമില്ല. ഡിസംബറിലെ ശമ്പളവും കൃത്യമായി അക്കൗണ്ടുകളിലത്തെും. പണം പിന്‍വലിക്കലാണ്  വില്ലനാവുക.  എന്നാല്‍, ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക വിതരണംചെയ്യാന്‍ ധാരണയായിട്ടുണ്ട്. സഹകരണ ബാങ്കുകള്‍ വഴിയാകും വിതരണം.

ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക നല്‍കാനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ധനവകുപ്പ് ധീരമായ നിലപാടെടുത്തു. കേന്ദ്രത്തില്‍നിന്ന് വിഹിതം വാങ്ങിയെടുക്കാനും കൂടുതല്‍ കടമെടുക്കാനും സര്‍ക്കാര്‍ സമ്മര്‍ദം തുടരുകയാണ്. 18,000 കോടിയാണ് ഇപ്പോഴത്തെ കടമെടുപ്പ് പരിധി. 5000 കോടി കൂടി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക് കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. 

പ്രവാസി  പണമൊഴുക്ക് കുറയുന്നു

നോട്ട് പ്രതിസന്ധിയോടെ ഗള്‍ഫില്‍നിന്നുള്ള പണമൊഴുക്ക് കുറഞ്ഞത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. എന്നാല്‍, പ്രവാസി പണത്തിന്‍െറ ഇടിവ് സ്ഥിരീകരിക്കാനായിട്ടില്ളെന്നും ഇപ്പോഴത്തെ കുറവ് താല്‍ക്കാലികമാണെന്നും തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ ഡോ. ഇരുദയരാജന്‍ പറയുന്നു. നോട്ടിന്‍െറ കുറവാണ് അവിടെയും ദൃശ്യമാകുന്നത്. വൈകാതെ ഇതു സാധാരണ നില കൈവരിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. 

സംസ്ഥാനത്തിന്‍െറ മൊത്തം ഉല്‍പാദനത്തിന്‍െറ 35 ശതമാനമാണ് ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണം. അനിശ്ചിതത്വം മൂലം പണം പലരും വിദേശത്ത് സൂക്ഷിച്ചു.  ഇതു തുടരുന്നത് വന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഏത് പ്രതിസന്ധിയിലും കേരളത്തെ താങ്ങി നിര്‍ത്തിയിരുന്നത് പ്രവാസി പണമാണ്. ഈനില തുടരുന്നത് വ്യാപാരം, നിര്‍മാണം തുടങ്ങി സര്‍വമേഖലയിലും വിപരീതഫലമുണ്ടാക്കും.  കഴിഞ്ഞ ജൂണിലെ കണക്ക് പ്രകാരം 1,42,668 കോടി രൂപയാണ് ബാങ്കുകളിലെ പ്രവാസി നിക്ഷേപം.

2015 ജൂണില്‍ 1,17,349 കോടിയായിരുന്നു. ഒരു വര്‍ഷംകൊണ്ട് 25,319 കോടി രൂപ വര്‍ധിച്ചിരുന്നു. ആഭ്യന്തര നിക്ഷേപം കുറഞ്ഞപ്പോഴും പ്രവാസി നിക്ഷേപം വര്‍ധിക്കുകയായിരുന്നു. ഈ പണമൊഴുക്കില്‍ കുറവ് വരുന്നതായാണ് ബാങ്ക് മേഖലയില്‍നിന്ന് ലഭിക്കുന്ന വിവരം.

നോട്ടില്‍ തട്ടി വാര്‍ഷിക പദ്ധതി

നോട്ട് പ്രതിസന്ധി സംസ്ഥാനത്തെ വാര്‍ഷിക പദ്ധതിയുടെ താളം തെറ്റിച്ചു.  24,000 കോടി രൂപയുടെ പദ്ധതിയില്‍ കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള വിനിയോഗം 6377.38 കോടിയാണ്. വെറും 26.57 ശതമാനം. ഇക്കൊല്ലം ഇനി മൂന്നു മാസമാണ് അവശേഷിക്കുന്നത്.

17,622 കോടി രൂപയാണ് ഇത്രയും സമയത്തിനകം വിനിയോഗിക്കേണ്ടത്. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പദ്ധതി ലക്ഷ്യം കാണാനിടയില്ല. എന്നാല്‍, വാര്‍ഷിക പദ്ധതി വെട്ടിക്കുറച്ചിട്ടില്ല. ഒൗദ്യോഗികമായി സര്‍ക്കാര്‍ വെട്ടിക്കുറക്കുകയുമില്ല. കടുത്ത നിയന്ത്രണത്തിലൂടെ വിനിയോഗം കുറച്ചുനിര്‍ത്തുകയാകും ചെയ്യുക. അതു സംസ്ഥാനത്തിന്‍െറ വികസനരംഗത്ത് തിരിച്ചടി സൃഷ്ടിക്കും. 

മൂന്നു വര്‍ഷമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇക്കുറി വിനിയോഗം താഴുകയായിരുന്നു. സാധാരണ ഡിസംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാകുന്നത്. ഒരു രൂപ പോലും ഇതുവരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനം സമീപകാലത്തെ ഏറ്റവും താഴ്ന്നനിലയിലാണ്.  

വന്‍കിട വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ പണം ഇതുവരെ ചെലവിടാനായില്ല. വിവിധ പദ്ധതികള്‍ക്കായി 2536.07 കോടി രൂപയാണ് ബജറ്റിലുള്ളത്. പുറമേ കൊച്ചി മെട്രോ റെയിലിന് 152.59 കോടി വിഹിതമുണ്ട്. സംസ്ഥാനത്തെ മാന്ദ്യം മറികടക്കാന്‍ കിഫ്ബി പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമത്തിലാണ് ധനവകുപ്പ്. മാന്ദ്യ സമയങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ പണം വിനിയോഗിച്ച് സാമ്പത്തിക മേഖല ശക്തമാക്കുകയാണ് ലക്ഷ്യം. 

Tags:    
News Summary - currency demonetization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.