തിരുവനന്തപുരം: മാർച്ച് 17 മുതൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തുടങ്ങാൻ തീരുമാനിച്ചപ്പോഴും പാഠ്യപദ്ധതി വെട്ടിക്കുറക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. എന്നാൽ, പരീക്ഷയിൽ ഉൗന്നൽ നൽകേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വൈകാതെ തീരുമാനമെടുക്കും.
വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ തെരഞ്ഞെടുത്ത് പഠിക്കാൻ വഴിയൊരുക്കുന്ന രീതിയിലുള്ള ക്രമീകരണമടക്കം കൊണ്ടുവന്നേക്കും. എസ്.സി.ഇ.ആർ.ടി ഉൾപ്പെടെ അക്കാദമിക് സംവിധാനങ്ങളുടെ സഹായത്തോടെയായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിൽ നിർബന്ധമായും പഠിക്കേണ്ട പാഠഭാഗങ്ങളും തെരഞ്ഞെടുത്ത് പഠിക്കേണ്ടവയും നിശ്ചയിക്കുന്നുണ്ട്. ഇതിനനുസൃതമായി ചോദ്യേപപ്പറിലും ക്രമീകരണം കൊണ്ടുവന്നിരുന്നു.
വിദ്യാർഥികൾക്ക് പഠനഭാരം കുറക്കാൻ ലക്ഷ്യമിട്ടാണ് ഏതാനും വർഷം മുമ്പ് ഇത് നടപ്പാക്കിയത്. പാഠഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചുതീർക്കുേമ്പാഴും വിദ്യാർഥികൾക്ക് നിശ്ചിത ഭാഗങ്ങൾ ഒഴിവാക്കി പരീക്ഷക്ക് തയാറെടുക്കാനുള്ള സൗകര്യം ഇതുവഴി ലഭിക്കും.
ക്ലാസ് റൂം അധ്യയനം ഏറക്കുറെ പൂർണമായി നിലച്ച അധ്യയനവർഷത്തിൽ ഡിജിറ്റൽ/ഒാൺലൈൻ രീതിയിൽ നടത്തിയ ക്ലാസുകൾ കുട്ടികൾക്ക് പിന്തുടരുന്നതിനുള്ള പരിമിതി പരിഗണിച്ചാണ് പാഠഭാഗങ്ങളിൽ ക്രമീകരണം കൊണ്ടുവരാൻ ആലോചിക്കുന്നത്. ഉയർന്ന ക്ലാസുകളിലെ തുടർപഠനത്തെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പാഠ്യപദ്ധതിയിൽ വെട്ടിക്കുറവ് വരുത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസവകുപ്പ് തീരുമാനമെടുത്തത്.
സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും ക്രമീകരണം കൊണ്ടുവരിക. എന്നാൽ, ഡിസംബർ പകുതി പിന്നിടുേമ്പാഴും വിക്ടേഴ്സ് ചാനൽ വഴിയുള്ള പ്ലസ് ടു ക്ലാസുകളിൽ പലവിഷയത്തിലും പകുതി ക്ലാസുകൾ പോലും പൂർത്തിയായിട്ടില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കുറവ് വിദ്യാർഥികൾ പഠിക്കുന്ന വിഷയങ്ങളിൽ പലതിലും ക്ലാസുകൾ ആരംഭിച്ചിേട്ടയുള്ളൂ എന്നും അധ്യാപകർ പറയുന്നു.
പരീക്ഷക്ക് മുമ്പ് അവശേഷിക്കുന്ന ദിവസങ്ങൾ കൊണ്ട് പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ പ്രയാസമാണെന്നും ഇവർ പറയുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പാഠഭാഗങ്ങൾ ഒന്നിച്ച് പഠിക്കേണ്ടിവരുന്നത് വിദ്യാർഥികളിൽ സമ്മർദത്തിനിടയാക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.