കൊച്ചി: സംഘാടനത്തിലെ പിഴവാണ് കുസാറ്റിലെ ദുരന്തത്തിന് പ്രധാന കാരണമായത്. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് ഡിപ്പാർട്മെൻറാണ് പരിപാടി നടത്തിയത്. എന്നാൽ, യുവാക്കൾക്കിടയിൽ ഹരമായ പ്രശസ്ത ഗായികയുടെ ഗാനസന്ധ്യ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചപ്പോൾ ആവശ്യമായ മുൻകരുതൽ എടുക്കുന്നതിൽ സംഘാടകർക്ക് വലിയ വീഴ്ചപറ്റി. സ്വന്തം ഡിപ്പാർട്മെന്റിലെ വിദ്യാർഥികൾക്ക് മുൻഗണന നൽകി ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചെങ്കിലും മറ്റ് വകുപ്പുകളിൽനിന്നും പുറത്തുനിന്നും ഏറെ വിദ്യാർഥികളും പൊതുജനങ്ങളും പരിപാടി ശ്രവിക്കാനെത്തുമെന്ന ധാരണ സംഘാടകർ വേണ്ടവിധം പരിഗണിച്ചിരുന്നില്ലെന്ന് വേണം കരുതാൻ.
നിയന്ത്രണാതീതമായ തരത്തിൽ ആൾക്കൂട്ടം ഉണ്ടായാൽ എങ്ങനെ നേരിടണമെന്ന ധാരണയും ഉണ്ടായിരുന്നില്ല. ഇതാണ് ഇത്ര വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.
എൻജിനീയറിങ് വിദ്യാർഥികൾക്ക് കറുത്ത ടീഷർട്ടും ഐഡന്റിറ്റി കാർഡും നിർബന്ധമാക്കിയിരുന്നു. എന്നാൽ, ഈ വിദ്യാർഥികളേക്കാൾ ഇരട്ടിയിലേറെ പേർ പുറത്ത് തടിച്ചുകൂടിയിരുന്നു.
ഇവരെ നിയന്ത്രിക്കാൻ സംവിധാനങ്ങളോ മതിയായ പൊലീസോ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിപാടി സംബന്ധിച്ച് പൊലീസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് എ.ഡി.ജി.പിയും വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ സെക്യൂരിറ്റി സംവിധാനത്തിനും നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു ആൾത്തിരക്ക്.
നിശ്ചിത സമയത്തിനകം എൻജിനീയറിങ് വിദ്യാർഥികളോട് അകത്തുകയറണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും കുറേപ്പേർ സമയത്തിന് എത്താതെ ആൾക്കൂട്ടത്തിൽപെട്ടുപോവുകയും ചെയ്തു. ദുരന്തത്തിന്റെ ആഴം കൂട്ടാൻ മഴ മറ്റൊരു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.