തിക്കുംതിരക്കും മൂലമുള്ള അപകടമരണങ്ങൾ കേരളത്തിൽ അത്ര സാധാരണമല്ല. എന്നാൽ, സുപ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലുൾപ്പെടെ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെട്ടിട്ടുണ്ട്.
1993 ജനുവരി ഒന്നിന് ശബരിമലയിൽ മകരവിളക്കിന് നടതുറക്കുമ്പോഴുണ്ടായ തിക്കിലും തിരക്കിലും അഞ്ച് അയ്യപ്പഭക്തരാണ് മരിച്ചത്.
● 1999 ജനുവരി 14ന് മകരജ്യോതിദിനത്തിലാണ് ഹിൽടോപ്പിലെ അയ്യപ്പന്മാരുടെ തിക്കിലും തിരക്കിലും മണ്ണിടിച്ചിലിലും 53 തീർഥാടകർ മരിക്കുകയും 55 പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. മരിച്ചവരിൽ കൂടുതലും തമിഴ്നാട്, കർണാടക, ആന്ധ്ര സ്വദേശികളായിരുന്നു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് ചന്ദ്രശേഖര മേനോൻ അധ്യക്ഷനായ ജുഡീഷ്യൽ കമീഷനെ നിയമിച്ചിരുന്നു. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സംസ്ഥാന സർക്കാറിനു വീഴ്ചസംഭവിച്ചതായി കമീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
● 1999 മാർച്ച് ഒന്ന്: ചോറ്റാനിക്കര മകം തൊഴലിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ടു സ്ത്രീകൾ മരിച്ചു. ക്ഷേത്രനട തുറന്നപ്പോൾ ചുറ്റുവിളക്കിനു സമീപം നിന്ന സ്ത്രീകൾ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ബാരിക്കേഡിനുള്ളിലേക്ക് ചാടിയതാണ് അപകടത്തിന് ഇടയാക്കിയത്.
● 2011 ജനുവരി 14ന് മകരജ്യോതി ദർശനത്തിനുശേഷം രാത്രി എട്ടേകാലോടെയാണ് പുല്ലുമേട്ടിൽ അയ്യപ്പഭക്തരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്നത്. 102 തീർഥാടകരാണ് അന്ന് മരിച്ചത്. 90 പേർക്ക് പരിക്കേറ്റു. രണ്ടു ലക്ഷത്തോളം അയ്യപ്പന്മാർ അന്ന് പുല്ലുമേട്ടിലുണ്ടായിരുന്നെങ്കിലും വെളിച്ചക്കുറവും ഭക്തരെ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലാതിരുന്നതും അപകടത്തിന് ആക്കംകൂട്ടി. മരിച്ചവരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ള തീർഥാടകരായിരുന്നു. പൊലീസുൾപ്പെടെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ജസ്റ്റിസ് എം.ആര്. ഹരിഹരന് നായരുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ അന്വേഷണത്തിൽ കണ്ടെത്തി.
● ശബരിമലയിൽ 2000 ഡിസംബർ 25ന് മണ്ഡലകാല സമാപന ദിവസം തിക്കിലും തിരക്കിലും ബാരിക്കേഡ് തകർന്ന് ഒരാൾ മരിക്കുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
● 2023 മാർച്ച് 31ന് പാലക്കാട് കല്ലേക്കാട് പാളയത്ത് ഉത്സവത്തിനിടെ ആനവിരണ്ടോടിയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.