പിണറായി ഭരണത്തിൽ കസ്റ്റഡി പീഡനങ്ങൾ കരുണാകരന്റെ കാലത്തേക്കാൾ മോശമായി -കെ.കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്

കൽപ്പറ്റ: പിണറായി ഭരണത്തിൽ കസ്റ്റഡി പീഡനങ്ങൾ അടക്കം കെ. കരുണാകരന്റെ ഭരണകാലത്തേക്കാൾ മോശമായി തുടരുകയാണെന്ന് മുത്തങ്ങ സമരത്തിനു പിന്നാലെ പൊലീസ് പീഡനത്തിനിരയായ സാമൂഹിക പ്രവർത്തകനും ഡയറ്റ് ലക്ചററുമായ കെ.കെ. സുരേന്ദ്രൻ.

പൊലീസ് കസ്റ്റഡിയിലെ പീഡനം നന്നായി അനുഭവിച്ച ഒരാളാണ് താനെന്നും അതിനേക്കാൾ അതനുഭവിച്ച ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ഭരണത്തിലിരുന്നപ്പോഴാണ് പിണറായിക്ക് കൊടിയ കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നത്. എന്നാൽ നാലു പതിറ്റാണ്ടിനിപ്പുറം കേരളത്തിന്റെ പൊലീസ് മന്ത്രിയായി അദ്ദേഹം എത്തിയപ്പോഴാണ് കേസിന്റെ വിവരം അന്വേഷിക്കാനായി സ്റ്റേഷനിൽ ചെന്ന എസ്.എഫ്.ഐ നേതാവിന് പൊലീസുകാരന്റെ ഭീകര മർദനം ഏൽക്കേണ്ടി വന്നത്. പൊലീസിനെ സംരക്ഷിക്കുകയും കയറൂരി വിടുകയും ചെയ്യുന്ന ഒരു സമീപനം തന്നെയാണ് പിണറായിയും അനുവർത്തിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

പിങ്ക് പൊലീസുകാരിയാൽ പീഡിതയായ പെൺകുട്ടിക്ക് അനുകൂലമായി കിട്ടിയ കോടതി വിധിയോടു പോലും ഈ സർക്കാരിന്റെ സമീപനം വ്യത്യസ്തമല്ല. ടി.പി. കൊലപാതകം നടത്തിയ ഗുണ്ടകളോടൊക്കെ പക്ഷേ ഉദാര സമീപനമായിരുന്നു സർക്കാരിന്. പൊലീസുകാരന്റെ ക്രൂരതക്കിരയായ എസ്.എഫ്.ഐക്കാരനായ കുട്ടിയോട് അനുകമ്പയുണ്ട്. എന്നാൽ പണ്ട് രണ്ട് എസ്.എഫ്.ഐ കുട്ടികളായിരുന്ന അലനും താഹക്കുമെതിരെ ലഘുലേഖ വായിച്ചതിന് യു.എ.പി.എ ചുമത്തിയപ്പോൾ അവർ ചായകുടിക്കാൻ പോയതല്ലെന്ന് പറഞ്ഞ നേതാവിന് സിന്ദാബാദ് വിളിക്കുന്ന ആളാണല്ലോ ആ കുട്ടിയും. എന്നാലും അവന്റെ പാർട്ടി ഭരിക്കുന്ന ജനമൈത്രി പൊലീസിന്റെ പീഡനം നേരിട്ടനുഭവിക്കേണ്ടി വന്നതിൽ പ്രതിഷേധിക്കുന്നുവെന്നും സുരേന്ദ്രൻ എഴുതുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പൊലീസ് കസ്റ്റഡിയിലെ പീഡനം നന്നായനുഭവിച്ച ഒരാളാണ് ഞാൻ. എന്നാൽ എന്നേക്കാൾ അതനുഭവിച്ച ആളാണ് സഖാവ് പിണറായി വിജയൻ. അടിയന്തിരാവസ്ഥയിൽ കോൺഗ്രസ് പൊലീസ് മന്ത്രിയുടെ ഭരണത്തിലാണ് രാഷ്ട്രീയ പ്രവർത്തകനായ പിണറായി അതി ഭീകരമായ കസ്റ്റഡി പീഡനത്തിനിരയാവുന്നത്. നാലു പതിറ്റാണ്ടിനിപ്പുറം കേരളത്തിന്റെ പൊലീസ് മന്ത്രിയായി അദ്ദേഹമിരിക്കുമ്പോഴാണ് പൊലീസ് സ്റ്റേഷനിൽ കേസിന്റെ വിവരം അന്വേഷിക്കാൻ ചെന്ന എസ്.എഫ്.ഐ നേതാവിനെ പൊലീസുകാരൻ ഭീകരമായി മർദ്ദിക്കുന്നത്.

ഏഴു വർഷമായി കസ്റ്റഡി മരണങ്ങളടക്കം പൊലീസ് അതിക്രമങ്ങൾ കെ.കരുണാകരന്റെ കാലത്തേക്കാൾ മോശമായി തുടരുന്നു. പൊലീസിനെ സംരക്ഷിക്കുകയും കയറൂരി വിടുകയും ചെയ്യുന്ന ഒരു സമീപനം തന്നെയാണ് പിണറായിയും അനുവർത്തിക്കുന്നതെന്നതാണ് അതിശയകരം.

18 വർഷത്തോളം കോടതി കയറി ഇറങ്ങിയിട്ട് പൊലീസിനെതിരെ സിവിൽ കേസിൽ എനിക്ക് കിട്ടിയ അനുകൂല വിധിക്കെതിരെ അപ്പീൽ കൊടുത്തത് കേരള സർക്കാരാണ്. അതിലൂടെ അന്യായമായ കസ്റ്റഡി പീഡനം നടത്തുന്ന പൊലീസുകാരോടൊപ്പം നിൽക്കുകയായിരുന്നു ഈ 'ഇടതു' സർക്കാർ. പൊലീസുകാർക്ക് അത് നൽകുന്ന ആത്മവിശ്വാസവും പീഡിതനുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അത് നയിക്കുന്ന സർക്കാരിനും മന്ത്രിക്കും പ്രശ്നമല്ലെന്നല്ലേ നമ്മൾ മനസിലാക്കേണ്ടത്.

പിങ്ക് പൊലീസുകാരിയാൽ പീഡിതയായ പെൺകുട്ടിക്ക് അനുകൂലമായികിട്ടിയ കോടതി വിധിയോടു പോലും ഈ സർക്കാരിന്റെ സമീപനം വ്യത്യസ്തമല്ല. ടി.പി. കൊലപാതകം നടത്തിയ ഗുണ്ടകളോടൊക്കെ പക്ഷേ ഉദാര സമീപനമായിരുന്നു സർക്കാരിന്. പൊലീസുകാരന്റെ ക്രൂരതക്കിരയായ എസ്.എഫ്.ഐക്കാരനായ കുട്ടിയോട് അനുകമ്പയുണ്ട്.

എന്നാൽ പണ്ട് രണ്ട് എസ്.എഫ്.ഐ കുട്ടികളായിരുന്ന അലനും താഹക്കുമെതിരെ ലഘുലേഖ വായിച്ചതിന് യു.എ.പി.എ ചുമത്തിയപ്പോൾ അവർ ചായകുടിക്കാൻ പോയതല്ലെന്ന് പറഞ്ഞ നേതാവിന് സിന്ദാബാദ് വിളിക്കുന്ന ആളാണല്ലോ ആ കുട്ടിയും. എന്നാലും അവന്റെ പാർട്ടി ഭരിക്കുന്ന ജനമൈത്രി പൊലീസിന്റെ പീഡനം നേരിട്ടനുഭവിക്കേണ്ടി വന്നതിൽ പ്രതിഷേധിക്കുന്നു. ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആ കുട്ടിയോടൊപ്പം നിൽക്കുന്നു. പിണറായി വിജയനെ കെ.കരുണാകരനോട് തുലനവും താരതമ്യവും ചെയ്യേണ്ടി വരുന്നതിൽപരം ഗതികേട് കേരളീയ പൗരസമൂഹത്തിനില്ല എന്നു പറയാതെ വയ്യ.

Tags:    
News Summary - Custodial torture in Pinarayi govt worse than Karunakaran's -K.K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.