കൊച്ചി: വരാപ്പുഴയിലെ വീടുകയറി ആക്രമണക്കേസിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാൻ ആരും റൂറൽ ടൈഗർ േഫാഴ്സിന് (ആർ.ടി.എഫ്) നിർദേശം നൽകിയിരുന്നില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. ആർ.ടി.എഫ് റൂറൽ ജില്ലയിൽ സമാന്തര സേനയായി പ്രവർത്തിക്കുകയായിരുന്നെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ശ്രീജിത്തിെൻറ കസ്റ്റഡി മർദനവും മരണവുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികളായ ആർ.ടി.എഫ് ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്കുമാർ, ജിതിൻ ഷാജി, എം.എസ്. സുമേഷ് എന്നിവരുടെ ജാമ്യഹരജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
എസ്.ഐക്കും സി.െഎക്കും ജാമ്യം നൽകി തങ്ങളെ ബലിയാടാക്കുകയാണ് സർക്കാറെന്നും സർക്കാറിനെതിരായ ആരോപണങ്ങൾ ഇല്ലാതാക്കാനാണ് ഇൗ വാദങ്ങൾ ഉന്നയിക്കുന്നതെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാൽ, എസ്.െഎക്ക് ജാമ്യം അനുവദിക്കാനിടയായ സാഹചര്യം വ്യത്യസ്തമാണെന്നും പ്രധാന പ്രതികളായ ഹരജിക്കാർക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. മൂന്നുപേര്‍ക്കുമെതിരെ കൊല്ലപ്പെട്ടയാളും അയാളുടെ ഭാര്യയും അമ്മയും മൊഴി നല്‍കിയിട്ടുണ്ട്. ശ്രീജിത്തിെൻറ വയറിന് പരിക്കേറ്റ സംഭവം ആദ്യം പരിശോധിച്ച ആശുപത്രികളിൽ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് കോടതിയുടെ ചോദ്യത്തിന് മറുപടിയായി സർക്കാർ ചൂണ്ടിക്കാട്ടി.
ചവിട്ടിയതിനെ തുടർന്നുള്ള പരിക്കുമൂലം മരിച്ചു എന്നത് മെഡിക്കല്‍ പരിശോധന നടത്തി തെളിഞ്ഞില്ലെങ്കില്‍ എങ്ങനെ കൊലപാതകക്കുറ്റം ചുമത്താനാവുമെന്ന് കോടതി ചോദിച്ചു. എക്‌സ്റേ പരിശോധനയിൽ അറിയാവുന്ന കാര്യമായിരുന്നു ഇത്. മരണകാരണം ചവിട്ടാണെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോർട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. തുടർന്ന് കേസ് ഡയറിയും മുറിവ് സംബന്ധിച്ചവയടക്കം മെഡിക്കൽ റിപ്പോർട്ടുകളും ഹാജരാക്കാൻ നിർേദശിച്ച കോടതി ഹരജി വിധി പറയാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.