കൊച്ചി: ശ്രീജിത്തിനെ കസ്റ്റഡിയിൽ മർദിച്ച് കൊലപ്പെടുത്തിയ പൊലീസ് സ്വന്തം വീഴ്ച മറയ്ക്കാൻ കെട്ടിച്ചമച്ച തിരക്കഥ പൊളിയുന്നു. വീടാക്രമണക്കേസിൽ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന് സ്ഥിരീകരിച്ചതോടെ എത്ര ലാഘവത്തോടെയാണ് ഉന്നത ഉദ്യോഗസ്ഥരടക്കം സംഭവം കൈകാര്യം ചെയ്തതെന്ന് വ്യക്തമായി. വീടാക്രമണത്തിൽ പങ്കുണ്ടോ എന്ന് സ്ഥിരീകരിക്കാൻപോലും മെനക്കെടാതെയാണ് ഒരു രാത്രി മുഴുവൻ പൊലീസ് ശ്രീജിത്തിനെ ക്രൂരമായി മർദിച്ചതും ഒടുവിൽ മരണത്തിന് വിട്ടുകൊടുത്തതും.
കസ്റ്റഡിയിലെടുത്ത പൊലീസും ടൈഗർ ഫോഴ്സ് അംഗങ്ങളും സി.െഎയുമടക്കം പ്രതികളാകുേമ്പാൾ റൂറൽ എസ്.പി എ.വി. ജോർജിന് ക്ലീൻ ചിറ്റ് നൽകാനുള്ള നീക്കത്തിലും പ്രതിഷേധം ശക്തമാണ്. ഇൗ മാസം ആറിന് വീടാക്രമണത്തെത്തുടർന്ന് വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവൻ ജീവനൊടുക്കിയ സംഭവത്തിലാണ് രാത്രി പത്തരയോടെ ശ്രീജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലേക്ക് കൊണ്ടുവരുേമ്പാഴും സ്റ്റേഷനിൽ എത്തിച്ചശേഷവും ശ്രീജിത്തിനെ വയറ്റിൽ ചവിട്ടിയും തൊഴിച്ചും ക്രൂരമായി മർദിച്ചു.
ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന വിവരം പുറത്തുവന്നപ്പോൾത്തന്നെ അബദ്ധം മറച്ചുവെക്കാൻ പൊലീസ് പതിനെട്ടടവും പുറത്തെടുത്തു. വാസുദേവെൻറ മകൻ വിനീഷ് മരിച്ച ശ്രീജിത്തിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖ ചമച്ചു. അക്രമിസംഘത്തിൽ മരിച്ച ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാരും വിനീഷും അയൽവാസികളും മറ്റ് ദൃക്സാക്ഷികളും ആവർത്തിച്ച് പറഞ്ഞിട്ടും പൊലീസ് വാദത്തിൽ ഉറച്ചുനിന്നു.
ആലുവ റൂറൽ എസ്.പി എ.വി. ജോർജിന് കീഴിലുള്ള ടൈഗർ ഫോഴ്സും അവധി റദ്ദാക്കി സ്റ്റേഷനിലെത്തിയ വരാപ്പുഴ എസ്.െഎ ദീപക്കും കിട്ടിയ അവസരവും ഭരണകക്ഷി നേതാക്കളുടെ സമ്മർദവും മറയാക്കി ശ്രീജിത്തിനെ ഉരുട്ടിയും ആന്തരികാവയവങ്ങൾ ചവിട്ടിത്തകർത്തും മൃതപ്രായനാക്കി. ക്രൂരമർദനമാണ് മരണകാരണമെന്ന് ചികിത്സ രേഖകളിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞിട്ടും യഥാർഥ പ്രതിയാണ് ശ്രീജിത്തെന്നും മർദിച്ചിട്ടില്ലെന്നും പറഞ്ഞ് അവസാനനിമിഷംവരെ പിടിച്ചുനിൽക്കാൻ പൊലീസ് കിണഞ്ഞുശ്രമിച്ചു.ടൈഗർ ഫോഴ്സിലുള്ളവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് പറയുേമ്പാഴും ഫോഴ്സിന് നേതൃത്വം നൽകുന്ന എ.വി. ജോർജിന് പതിവുപോലെ രക്ഷാകവചം ഒരുക്കുകയാണ് സർക്കാർ.
നിരപരാധികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കി തീവ്രവാദികളാക്കുകയും ചെയ്യുന്ന ചരിത്രമാണ് ജോർജിനുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സി.പി.എമ്മിെൻറ ആജ്ഞാനുവർത്തിയായി മാറിയ എസ്.പി നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നു എന്നാണ് ആക്ഷേപം. ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന കണ്ടെത്തൽ പൊലീസ് സേനക്ക് ആകെ നാണക്കേടായിരിക്കുകയാണ്. ഇതോടെ, സേനക്കുള്ളിലും ജോർജിനെതിരെ അമർഷം പുകയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.