കൊച്ചി: കേരള ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രനെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് കൊച്ചി പൊലീസ്. അസിസ്റ്റന്റ് കമീഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കേസ് അന്വേഷിക്കും. ഹൈകോടതി അഭിഭാഷകനായ കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് കൊച്ചി സൈബർ ക്രൈം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ച ബോർഡുകളുമായി ബന്ധപ്പെട്ട കേസിൽ കോടതി സ്വീകരിച്ച നിലപാടുകൾക്കെതിരെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ബോർഡുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിന് പിന്നാലെ നടപടികൾ തുടങ്ങിയതോടെയാണ് സൈബർ ഇടങ്ങളിൽ ജഡ്ജിക്കെതിരെ അധിക്ഷേപ പരാമർശവുമായി പലരും എത്തിയത്. അപകീർത്തിപ്പെടുത്തൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
ഹൈകോടതി നടപടി കർശനമാക്കിയതോടെ പാതയോരങ്ങളിലെ ബോർഡുകളും ബാനറുകളും കൊടികളും നീക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടിയെടുത്തിരുന്നു. ഇത് നീക്കിയില്ലെങ്കിൽ ഓരോന്നിനും 5000 രൂപ വീതം അതത് തദ്ദേശസ്ഥാപനത്തിന്റെ സെക്രട്ടറിമാരിൽനിന്ന് ഈടാക്കാനാണ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.