തിരുവനന്തപുരം: മാധ്യമ പ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് ഫേസ്ബുക്കിനോട് വിവരം തേടി. അപകീർത്തികരമായ പോസ്റ്റുകളിട്ട ടി.ജെ. ജയജിത്, വി.യു വിനീത്, കണ്ണൻ ലാൽ എന്നിവരടക്കം 10 പേരുടെ അക്കൗണ്ട് വിവരങ്ങൾ തേടിയാണ് കത്ത് നൽകിയത്. ഈ അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും ഏത് ഐ.പി അഡ്രസില്‍ നിന്നാണ് പ്രവര്‍ത്തിപ്പിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ അറിയാം.
പ്രാഥമികാന്വേഷണത്തിൽ ഇവർ ലൈംഗികച്ചുവയുള്ള സന്ദേശം പ്രചരിപ്പിച്ചെന്ന് വ്യക്തമായിട്ടുണ്ട്. സന്ദേശങ്ങൾ പ്രചരിപ്പിച്ച കൂടുതൽ പേർക്കായി അന്വേഷണം തുടങ്ങി. മാധ്യമ പ്രവർത്തകർക്കെതിരെ സൈബർ ആക്രമണം സംബന്ധിച്ച് കേസെടുത്തു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 354 ഡി, 509 വകുപ്പുകളും ഐ.ടി ആക്ടിലെ 67ാം വകുപ്പും ചേർത്താണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ മാധ്യമ പ്രവർത്തകരിൽനിന്ന് തെളിവെടുത്തു.
മാധ്യമ പ്രവർത്തകർക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ നടന്ന അധിക്ഷേപം അപകീർത്തികരവും മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതുമാണെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ ഡി.ജി.പി ലോക്നാഥ് ബെഹറക്ക് റിപ്പോർട്ട് നൽകി.
സൗഹൃദത്തിന് നിർദേശിക്കും –കോടിയേരി
തിരുവനന്തപുരം: മാധ്യമപ്രവർത്തകരുമായി സൗഹൃദബന്ധം നിലനിർത്താൻ പാർട്ടി മന്ത്രിമാരുടെ ഓഫിസുകളിൽ പൊതുവായ നിർദേശം നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മാധ്യമപ്രവർത്തകർക്കെതിരെയെന്നല്ല ആർക്കെതിരെയും സൈബർ ആക്രമണം പാടില്ലെന്നാണ് സി.പി.എം നിലപാട്. മാധ്യമപ്രവർത്തകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണ് പാർട്ടിയുടെയും സർക്കാറിെൻറയും നയം. ഇപ്പോൾ ഉയർന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നമുക്കെതിരെ സൈബർ ആക്രമണം വരുമ്പോൾ ജാഗരൂകരാകുകയും മറ്റുള്ളവർക്കെതിരെ ഉണ്ടാകുമ്പോൾ വകവെക്കുന്നില്ലെന്നുമുള്ള നിലപാട് മാറണം. സഭ്യമായ രീതിയിലേ സമൂഹമാധ്യമങ്ങളിൽ ഇടപെടാവൂവെന്ന് പ്രവർത്തകർക്ക് സി.പി.എം നിർദേശം നൽകിയിട്ടുണ്ട്. മാധ്യമപ്രവർത്തകരും സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ 23ന് നടത്തുന്ന സമരത്തിൽ 25ലക്ഷം പേർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.