തിരുവനന്തപുരം: 'സൈബർ ഹണിട്രാപ്പിൽ' മലയാളികളെ കുടുക്കി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. ഇൗ തട്ടിപ്പിൽ കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് 'ഇര'യെ തേടുന്നത്. അയൽ സംസ്ഥാനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളുടെ ഫ്രണ്ട് റിക്വസ്റ്റ് എത്തുന്നതാണ് തട്ടിപ്പിെൻറ തുടക്കം. ഭൂരിപക്ഷത്തിെൻറയും പ്രൊഫൈൽ ലോക്കായതിനാൽ വിശദാംശങ്ങൾ മനസ്സിലാക്കാനും കഴിയില്ല. റെഡ്ഡി, ശർമ, ഷെട്ടി, റാവു തുടങ്ങിയ പേരുകളിൽ അവസാനിക്കുന്നതാണ് പ്രൊഫൈലുകളിൽ ഏറെയും.
റിക്വസ്റ്റ് സ്വീകരിച്ചാൽ മണിക്കൂറുകൾക്കകം 'ഹായ്' സന്ദേശം എത്തും. വളരെ നല്ലരീതിയിൽ ഹിന്ദിയിലോ, ഇംഗ്ലീഷിേലാ ചാറ്റിങ് തുടങ്ങും. മിക്കവാറും ഇത്തരത്തിൽ വരുന്നവർ വിദ്യാർഥിനികൾ എന്നാകും പരിചയപ്പെടുത്തുക. 25 വയസ്സിന് താഴെയായിരിക്കും മിക്കവാറും പേരുടെ പ്രായം. പിന്നീട് പെൺകുട്ടിയുടേതെന്ന പേരിൽ ചില ചിത്രങ്ങളും മെസഞ്ചറിലെത്തും. അങ്ങനെ ചാറ്റിങ് തുടരുന്നതിനിടെ സ്വഭാവം മാറും. നഗ്നത കാണുന്നതാണ് ഇഷ്ടമെന്നും വിഡിയോ കോളിൽ വരാനുള്ള ആവശ്യവും ഉയരും. ഇതിലാണ് പലരും കുടുങ്ങുന്നത്.
നഗ്ന വിഡിയോകൾക്കൊപ്പം പുരുഷെൻറ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വഭാവം മാറും. പിന്നീട് ഇൗ സ്ത്രീ 'സുഹൃത്ത്' അപ്രത്യക്ഷമാകും. പിന്നീട് പുരുഷന്മാരുടെ രംഗപ്രവേശമാണ്. അടുത്തപടിയായി വാട്സ്ആപ്പിലും ഫേസ്ബുക്കിലും മെസഞ്ചറിലും ഭീഷണിസന്ദേശങ്ങളെത്തും. പണം ആവശ്യപ്പെടും, കൊടുത്തില്ലെങ്കിൽ നിങ്ങൾക്കെതിരെ നിയമനടപടി ഉൾപ്പെടെ കൈക്കൊള്ളുമെന്നും അല്ലെങ്കിൽ ഫേസ്ബുക്കിൽ ഇൗ വിഡിയോ അപ്ലോഡ് ചെയ്യുമെന്നുമൊക്കെയുള്ള ഭീഷണിയാകാകും. പലരും ഇതിൽപ്പെട്ടുപോകുകയാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.