തിരുവനന്തപുരം: വൃന്ദവാദ്യ വേദിയിൽ സദസ്സിനെ ആവേശംകൊള്ളിച്ച് സംഗീതമഴ അലയടിച്ച് ഉയർന്നപ്പോൾ സാക്ഷിയായ മേഘങ്ങൾക്കും കാറ്റിനും ഒട്ടും സന്തോഷമില്ലായിരുന്നു. അപ്രതീക്ഷതമായി അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെ ഹൃദയം പൊട്ടിയ സംഗീതമാണ് പ്രകൃതിയിലലിഞ്ഞ് ചുറ്റും ആനന്ദം നിറച്ചതെന്ന് അവർക്ക് അറിയാമായിരുന്നു.
ഓടക്കുഴലുമേന്തി വൃന്ദവാദ്യത്തിൽ കൂട്ടുകാരോടൊപ്പം സംഗീതം പൊഴിച്ച് മികച്ച പ്രകടനം നടത്തി ഹരിഹർദാസ് സദസ്സിലേക്ക് കണ്ണോടിച്ചു. സംസ്ഥാന കലോത്സവത്തിന് തന്റെ മത്സരം കാണാൻ വരുമെന്ന് ഉറപ്പ് നൽകിയ അച്ഛന്റെ അദൃശ്യസാന്നിധ്യം പരതുന്നതുപോലെ...
സ്നേഹചുംബനം നൽകാൻ പ്രിയ പിതാവ് ഇനി വരില്ലെന്ന സത്യം അവൻ ഇനിയും ഉൾകൊണ്ടിട്ടില്ല. ഗായകനായിരുന്ന പിതാവ് കാണിച്ച സംഗീത വഴിയിലാണ് ഓടക്കുഴലുമേന്തി ഹരി മത്സരിക്കാൻ എത്തിയത്. അച്ഛന്റെ ഷർട്ടും ധരിച്ചെത്തിയ മകനെ നോക്കിയ അധ്യാപകരുടെയും കൂട്ടുകാരുടെയും ഉള്ളുലഞ്ഞിരുന്നു.
ഏറെ സന്തോഷത്തോടെ അച്ഛന്റെ ആശീർവാദവും വാങ്ങി കലോത്സവത്തിനു വണ്ടി കയറിയതാണ് കോട്ടയം ളാക്കൂട്ടൂർ എം.ജി.എം.എൻ.എസ്.എസ്. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി ഹരിഹർദാസും. ഞായറാഴ്ച ഓടക്കുഴൽ മത്സരത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച തന്നെ അവൻ തിരുവനന്തപുരത്ത് എത്തിയിരുന്നു.
ശനിയാഴ്ച അർധരാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ അച്ഛൻ അയ്യപ്പദാസിനെ അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തു. കോട്ടയം - എറണാകുളം റോഡിൽ കാണക്കാരി കവലയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. കോട്ടയം സ്റ്റാർ വോയ്സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു 45കാരനായ അയ്യപ്പദാസ്.
വിവാഹ ചടങ്ങിൽ പാട്ടുപാടി മടങ്ങവേയാണ് അപകടം. ദുഖ വാർത്ത അറിഞ്ഞതോടെ ഹരിഹർദാസ് ഓടക്കുഴൽ മത്സരം ഒഴിവാക്കി നാട്ടിലേക്ക് മടങ്ങി. ഞായറാഴ്ച രാത്രി സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് അവൻ തിങ്കളാഴ്ച വൃന്ദവാദ്യത്തിൽ സങ്കടനാദം ഉതിർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.