കോഴിക്കോട്: മാധ്യമം കുടുംബവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിച്ച ‘ലീഡർഷിപ്’ കാമ്പയിന് പ്രോവിഡൻസ് കോളജിൽ ഉജ്ജ്വല തുടക്കം. വനിതകളെ സമൂഹത്തിന്റെ നേതൃനിരയിലേക്ക് നയിക്കുന്നതിനും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനും കേരളത്തിലെ വിവിധ കോളജുകൾ, സർവകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാനത്തൊട്ടാകെ നടക്കുന്ന പരിപാടിക്ക് പ്രൗഡഗംഭീരമായ തുടക്കം കുറച്ചുകൊണ്ടുള്ള ഉദ്ഘാടനവും സംവാദവുമാണ് പ്രോവിഡൻസ് കോളജിൽ അരങ്ങേറിയത്.
കോഴിക്കോട് സബ് കലക്ടർ ഹർഷിൽ ആർ. മീണ പരിപാടി ഉദ്ഘാടനം ചെയ്തു. സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റെല്ലാ രംഗങ്ങളിലും സ്ത്രീകളുടെ മുന്നേറ്റം വളരെ പ്രകടമാണെങ്കിലും സാമ്പത്തിക രംഗത്ത് സ്ത്രീകൾ ഇനിയും നേട്ടം കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രോവിഡൻസ് കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ജസീന ജോസഫ് അധ്യക്ഷത വഹിച്ചു. മാധ്യമം സീനിയർ റിപ്പോർട്ടർ അനുശ്രീ സ്വാഗതം പറഞ്ഞു. മലബാർ ഗ്രൂപ് ലേണിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ എം.എസ്. നീത, എച്ച്.ആർ പ്രഫഷനൽ ജി.ആർ. ലയ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ‘എംപവർ, ഏൺ, ഇവോൾവ്’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ എഴുത്തുകാരിയും ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്ത്, യുവ സംരഭക തനൂറ ശ്വേത മേനോൻ, സുപ്രീംകോടതി അഭിഭാഷക അഡ്വ. ബബില എന്നിവർ പങ്കെടുത്തു. പാനൽ അംഗങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചപ്പോൾ സദസ്സ് അവരോടൊപ്പം തുറന്ന മനസുമായി ചർച്ചയിൽ പങ്കെടുത്തു.
കോഴിക്കോട്: ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ അതിൽനിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് ബിസിനസ് വിജയിക്കുമോ എന്ന പേടിയും പൈസ പോകുമോയെന്ന പേടിയും നമ്മൾ തോറ്റു എന്നത് മറ്റുള്ളവർ അറിയുമോ എന്ന പേടിയുമൊക്കെയാണ്. നമ്മളിലുള്ള ആത്മവിശ്വസക്കുറവ് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.
എന്നാൽ, മുന്നേറാനുള്ള കഴിവ് നമ്മളിൽ ഓരോരുത്തരിലുമുണ്ട്. അത് തിരിച്ചറിഞ്ഞ് നമ്മൾ മുന്നേറുകതന്നെ വേണം. സ്വന്തം കഴിവുകൊണ്ട് നേട്ടം കൊയ്തവരാണ് ഇന്ന് ഉന്നത നിലയിലെത്തിയിരിക്കുന്ന ഓരോ സ്ത്രീയും. ഒറ്റക്കുള്ള യാത്രകൾ നമുക്ക് നമ്മളിൽ തന്നെയുള്ള ആത്മവിശ്വാസം വർധിപ്പിക്കും. ഓരോ യാത്രയിലും പുതിയ കാര്യങ്ങൾ കണ്ടറിയണം. നമ്മുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളേയും ഒക്കെ തിരിച്ചറിയാൻ കഴിയുന്നവർക്ക് മാത്രമേ നല്ല ലീഡറാകാൻ കഴിയൂ.
നാല് വർഷം കൊണ്ട് തനിയെ ഒമ്പത് രാജ്യങ്ങളിൽ യാത്ര ചെയ്ത വ്യക്തിയാണ് ഞാൻ. ഒറ്റപ്പെടൽ, സമൂഹം നമ്മെ മാറ്റി നിർത്തുമ്പോഴുണ്ടാകുന്ന വേദന, ഇഷ്ടപ്പെടുന്നവർ വേദനിപ്പിക്കുമ്പോഴുണ്ടാകുന്ന വേദന ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനായി നാം നമ്മെ തന്നെ ഒളിപ്പിച്ചുവെക്കുകയാണ് ചെയ്യുക. എന്നാൽ, ഇതിൽ നിന്നെല്ലാം രക്ഷപ്പെടാനായി യാത്ര ചെയ്യുന്നത് വലിയ ആത്മവിശ്വാസം തരും.
ട്രോമയിൽ നിന്ന് സ്വയം പുറത്തുവന്ന് നാം ആത്മവിശ്വസത്തോടെ ലോകത്തെ നേരിടാൻ പഠിക്കും. അത്തരത്തിൽ മുന്നേറി വിജയിക്കാനായി എന്നതുതന്നെയാണ് എന്റെ വിശ്വാസം. അത് ഓരോരുത്തരെക്കൊണ്ടും സാധിക്കുന്ന കാര്യംതന്നെയാണ്. നമ്മൾ നമ്മളിൽതന്നെ വിശ്വസിച്ച് മുന്നേറണം.
കോഴിക്കോട്: ഡിസ് ലെക്സിയയും വിക്കും സഭാകമ്പവും ഭയവും എല്ലാമുള്ള, ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് വന്ന പെൺകുട്ടി എങ്ങനെ സുപ്രീംകോടതി അഭിഭാഷകയായെന്നും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഡൽഹിയിലും ഓഫിസുകൾ തുടങ്ങിയെന്നും ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ… ഞാൻ എന്നെ വിശ്വസിച്ചു.
എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്തുകൊണ്ടിരുന്നു. മറ്റാരെങ്കിലും നമ്മെ മോട്ടിവേറ്റ് ചെയ്യണമെന്നും അപ്പോൾ നമ്മൾ വിജയങ്ങൾ കൈവരിക്കുമെന്നും വിചാരിച്ചുകൊണ്ടിരുന്നാൽ നാം വിജയിക്കുകയില്ല. മൂന്നു വയസ്സുമുതൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്നയാളാണ് ഞാൻ. കോഴിമുട്ട വിൽക്കലായിരുന്നു ആദ്യജോലി. പിന്നീട് ഓരോ കാലത്തും ഓരോ ജോലി ചെയ്തുകൊണ്ടിരുന്നു. അങ്ങനെ സുപ്രീംകോടതി വരെയെത്തി. ആർക്കും ഒന്നും ചെയ്യാൻ കഴിയാത്തതായി ഇല്ല. പെണ്ണാണെന്ന് പറഞ്ഞ് മാറി നിൽക്കാതെ പെണ്ണാണെന്ന് ഉറക്കെ പറഞ്ഞ് മുന്നേറണം.
കോഴിക്കോട്: സ്ത്രീകളുടെ സാമ്പത്തിക ഭദ്രത സംബന്ധിച്ച് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല. എല്ലാ സ്ത്രീകളും സാമ്പത്തിക സ്വാതന്ത്ര്യം നേടിയേ തീരൂ. ആരെയും ആശ്രയിച്ചു കഴിയാനല്ല, മറിച്ച് സ്വന്തം കാലിൽനിന്ന്, സമ്പാദിച്ച് മുന്നോട്ടുപോവുക എന്നതായിരിക്കണം ഓരോ സ്ത്രീയുടെയും തീരുമാനം. അങ്ങനെ പുതിയ തലമുറ മാറിത്തുടങ്ങിയിട്ടുമുണ്ട്. അതേസമയം, സ്ത്രീകൾ പുറത്തുപോയി ജോലി ചെയ്യുകയും അവരുടെ കരിയർ വികസിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും വീട്ടിലെ ജൻഡർ റോളുകൾക്ക് വലിയ വ്യത്യാസം വന്നതായി കാണുന്നില്ല. അതിന് സ്ത്രീ മാത്രം തീരുമാനിച്ചാൽ പോര, സമൂഹവും മാറി ചിന്തിക്കണം.
പഠനം കഴിഞ്ഞാൽ സ്വന്തമായി ജോലി കണ്ടെത്താൻ ശ്രമിക്കുക എന്നതാണ് പ്രധാന കാര്യം. അത് ഒരു പ്രത്യേക ജോലി എന്നതല്ല, പാഷൻ എപ്പോഴും മുറുകെ പിടിക്കണം. ജൻഡർ റോളുകളും കരിയർ ചോയ്സസും തമ്മിൽ ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാകാം ഈ തലമുറ വിവാഹത്തെ ഭയക്കുന്നതായി തോന്നിയിട്ടുണ്ട്.
ചില ബന്ധങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് ജീവിക്കാൻ കഴിയുകയില്ല. സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയെന്നത് പരമ പ്രധാനമാണ്. ആർക്കും തണലിൽ ജീവിക്കുക എന്ന സ്വപ്നമല്ല, മറിച്ച് സ്വയം തണലായി മാറുകയാണ് വേണ്ടത്.
സ്ത്രീ സുരക്ഷ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമോ?
കോഴിക്കോട്: സജീവമായ പങ്കാളിത്തംകൊണ്ടും സംവാദമികവുകൊണ്ടും കരുത്തുറ്റതായി ലീഡർഷിപ് കാമ്പയിൻ. ‘സ്ത്രീകളുടെ സാമ്പത്തിക സുരക്ഷയും സാമൂഹിക സുരക്ഷയും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണോ? മാന്യമായി പെരുമാറാനുള്ള ഉത്തരവാദിത്തം പുരുഷന്മാരുടേതല്ലേ’ എന്നായിരുന്നു വിദ്യാർഥികളിൽനിന്ന് ഉയർന്നുവന്ന ചോദ്യം.
നമ്മുടെ സിനിമകളടക്കമുള്ള കലാരൂപങ്ങൾ പറഞ്ഞുതരുന്നത് ആപത്തിൽ അകപ്പെടുന്ന പെൺകുട്ടികളെ രക്ഷിച്ച് വീരപരിവേഷത്തിൽ തിളങ്ങുന്ന പുരുഷന്മാരെക്കുറിച്ചാണ്. കായികമായോ മാനസികമായോ പുരുഷന്മാരെ നേരിടുന്ന സ്ത്രീകളെക്കുറിച്ച് വരുന്ന സിനിമകൾ വളരെ കുറവാണ്.
മാത്രമല്ല, സ്ത്രീകളെ ബഹുമാനിക്കേണ്ടത് പുരുഷന്മാരാണെന്ന സന്ദേശങ്ങൾ നൽകാനും ആരും തയാറല്ല. നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഈ ചോദ്യത്തെ സ്വീകരിച്ചത്. സദസ്സിനെ ഞെട്ടിക്കുന്ന ചോദ്യങ്ങളാണ് വിദ്യാർഥിനികളിൽ പലരും ചോദിച്ചത്. അധ്യാപികമാരുംകൂടി സംവാദത്തിൽ പങ്കെടുത്തതോടെ ‘എംപവർ, ഏൺ ഇവോൾവ്’ സംവാദവേദി സജീവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.