മാലാ പാര്‍വതി

‘മോശം രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു’; മാലാ പാര്‍വതിയുടെ പരാതിയില്‍ യൂട്യൂബ് ചാനലിനെതിരെ കേസ്

തിരുവനന്തപുരം: മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് നടി മാലാ പാര്‍വതി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തു. ‘ഫിലിമി ന്യൂസ് ആൻഡ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്. യൂട്യൂബ് ചാനല്‍ അശ്ലീലമായ രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് പരാതി. വീഡിയോക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കി. അതിലും കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സിറ്റി പോലീസ് കമീഷണര്‍ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ചില യുട്യൂബര്‍മാര്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വീഡിയോകളുടെ ലിങ്കും പരാതിയുടെ കൂടെ നല്‍കിയിട്ടുണ്ട്. സംഭവത്തിൽ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടെയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെയും നിരന്തരമായി അധിക്ഷേപിച്ചെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി.

ഹണി റോസിന്റെ സൈബർ അധിക്ഷേപ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ബോബി ചെമ്മണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫേസ്ബുക്കിൽനിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Cyber attack Case against YouTube channel on Mala parvathy's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.