തിരുവനന്തപുരം: ടാഗോർ തിയറ്ററിലെ എച്ച്.എസ് വിഭാഗം നാടക മത്സരം കാണാൻ വൻജനക്കൂട്ടം. മത്സരം ആരംഭിക്കും മുമ്പേ വേദി നിറഞ്ഞതിനാൽ ഇരിപ്പിടങ്ങൾ പലർക്കും കിട്ടിയില്ല. പ്രവേശന കവാടം പോലും മറച്ച് ആൾക്കൂട്ടം പിന്നിലായി നിലയുറപ്പിച്ചപ്പോൾ ചിലർ പടിക്കെട്ടുകൾ ഇരിപ്പിടമാക്കി.
മികവു പുലർത്തിയ രംഗങ്ങൾക്ക് നിറഞ്ഞ കൈയടിയും ഓരോ നാടകം കഴിയുമ്പോൾ കരഘോഷവും ഉണർന്നു. അടുത്ത മത്സരത്തിനുള്ള ഇടവേളയിൽ പാട്ടിനൊപ്പം നൃത്ത ചുവടുകൾവെച്ചാണ് നാടക പ്രേമികൾ കുട്ടികളെ പ്രോൽസാഹിപ്പിച്ചത്.
തിരുവനന്തപുരം: സമൂഹത്തിലെ വിവിധ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ കടുത്തഭാഷയിൽ ആക്ഷേപഹാസ്യമൊരുക്കിയ c/o പൊട്ടക്കുളം പിള്ളേർ പൊളിച്ചടുക്കി. ടാഗോർ തിയറ്ററിൽ എച്ച്.എസ് വിഭാഗം നാടകം നിറഞ്ഞചിരിപടർത്തിയാണ് അരങ്ങ് തകർത്തത്.
കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച നാടകമാണ് പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നിലവാരംപുലർത്തി.
മനുഷ്യ ലോകത്തിലെ മണ്ടത്തരങ്ങൾ പൂശാലക്കൽ തറവാട്ടിലെ വിവാഹവുമായി ബന്ധപെടുത്തിയുള്ള അനാചാരങ്ങളിൽനിന്ന് വളർത്തിയെടുക്കുന്നതാണ് കഥ. വൈധവ്യം ഒഴിവാക്കാൻ കല്യാണത്തിന് മുമ്പ് തവളയെ വിവാഹം കഴിക്കണമെന്ന് ജ്യോതിഷൻ ഉപദേശിക്കുകയാണ്. തറവാട്ടിലെ ജിംനേഷ്യത്തിൽ തവളയുടെ വിവാഹവും അന്ധവിശ്വാസത്തിൽ അകപ്പെട്ട മനുഷ്യന്റെ നെട്ടോട്ടവും അരണ്ടിൽ ചോദ്യചിഹ്നമായി നിറഞ്ഞു.
ഇതേ സ്കൂളിലെ അധ്യാപകൻ ശിവദാസ് പൊയിൽക്കാവാണ് രചനയും സംവിധാനവും നിർവഹിച്ചത്. മകൾ ആർ.എസ്. ദലയാണ് ‘രഞ്ജിനി റോക്സ്’ എന്ന കഥാപാത്രത്തിലൂടെ മണ്ടത്തരങ്ങൾ തിരിച്ചഞ്ഞ തവളയായിട്ട് വേഷമിട്ടത്. അർജുൻ ബാബു, ശിവാനി ശിവപ്രകാശ്, എം. ശ്രീപാർവതി, പി.എസ്. ലക്ഷ്മിപ്രിയ, ടി.വി. ആയിഷ ഹെബാൻ, പി.സി. മുഹമ്മദ് ഷാദിൻ എന്നിവരാണ് അരങ്ങിൽ എത്തിയ മറ്റ് കഥാപാത്രങ്ങൾ.
സഹസംവിധായകൻ സനിലേഷ് ശിവനും സെറ്റ് ഡിസൈനർ നിധീഷ് പൂക്കാടും ആണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഓസ്കാർ പുരുഷു കലോത്സവത്തിൽ മികച്ച നാടകമായിരുന്നു.
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിന്റെ നടുവില്‍ അകപ്പെട്ട ചേന്നന്റെ നായയുടെ നിസ്സഹായതോടെയുള്ള നിലവിളി രംഗവേദിയിലേക്ക് പകര്‍ത്തുമ്പോള്‍ അമല്‍ജിത് അഭിനയിക്കുകയായിരുന്നില്ല.
ജീവിതത്തിനും മരണത്തിനുമിടയിലൂടെ താന്‍ കടന്നുപോയ നിമിഷങ്ങളിലൂടെ ഒരുവട്ടംകൂടി സഞ്ചരിക്കുകയായിരുന്നു. വെള്ളാര്‍മലയുടെ ഹൃദയം പിളര്‍ന്നെത്തിയ ഉരുള്നിറഞ്ഞാടിയ ആ രാത്രിയില്‍ ചെളിയില്‍ പൂണ്ട് പ്രാണനുവേണ്ടി നടത്തിയ നിലവിളിയായിരുന്നു അവന്റെ മനസ്സിലപ്പോഴും.
പ്രകൃതിയുടെ താണ്ഡവത്തിന് മുന്നില്‍ മനുഷ്യ-മൃഗ ഭേദങ്ങളില്ലെന്ന യാഥാർഥ്യം മൂന്നാം വേദിയായ ടാഗോർ തിയറ്ററിലെ എച്ച്.എസ് വിഭാഗം നാടകം അരങ്ങിൽ അവതരിപ്പിച്ചപ്പോൾ നിറഞ്ഞ സദസ്സിന്റെ കണ്ണുകള്‍ ഈറനായി.
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയില്‍ ചുറ്റും ജലത്താല്‍ മൂടിയ വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍നിന്ന് രക്ഷക്കായി കേഴുന്ന നായയുടെ കഥാപാത്രത്തെയാണ് അമല്‍ജിത് അവതരിപ്പിച്ചത്. എന്നാല്‍, അപ്പോഴും ജൂലൈ 30 അർധരാത്രി തന്റെ കണ്മുന്നില് അരങ്ങേറിയ ദുരന്തനാടകം മാത്രമായിരുന്നു അവന്റെ ഉള്ളില്‍.
താൻ പോറ്റിവളർത്തിയ നായയുടെ ജീവനെടുത്തതിന്റെ ഓർമയും മനസ്സിലേക്കെത്തി. ഉറക്കത്തിനിടെ വീട് തകർന്ന് ചെളിയിൽ ആണ്ടുപോയ അമൽജിത്, സഹോദരി സൽന, ഒലിച്ചുപോയ പിതാവ് ബൈജു, മാതാവ് സുചിത്ര എന്നിവരെ നാട്ടുകാരാണ് രക്ഷിച്ചത്. പ്രകൃതിദുരന്തം താണ്ഡവമാടിയ തകഴിയുടെ വെള്ളപ്പൊക്കത്തിലൂടെ മലവെള്ളം പാതി അടർത്തിയെടുത്ത സ്വന്തം സ്കൂളിന്റെ ഉയർത്തെഴുന്നേൽപ് തന്നെയാണ് പറഞ്ഞുവെച്ചത്.
സംഘാംഗങ്ങളായ വി.കെ. അജയൻ, നിരജ്ഞൻ, അൻസിയ, സായൂജ്, അനന്യ, നിവേദിത, വൈഗ, അർച്ചന, അനുഷ് എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങൾ. നാടകം അപ്പീലിലൂടെയാണ് എത്തിയത്. സ്കൂളിൽനിന്ന് വിടപറഞ്ഞ 33 സഹപാഠികളുടെ ഓർമക്ക് മുന്നിൽ പതറാതിരുന്നവർ വേദിവിട്ടിറങ്ങിയപ്പോൾ എച്ച്.എം ഉണ്ണിമാഷിനെ കെട്ടിപ്പുണർന്ന് കണ്ണീരണിഞ്ഞു.
അജയൻ രചനയും ജോബ് മഠത്തിൽ സംവിധാനവും നിർവഹിച്ചത്തിന്റെ ചെലവുകൾ വഹിച്ചത് അബുദാബി ശക്തി തിയറ്ററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.