കാസർകോട്: ദലിത് യുവാവ് ആൾക്കൂട്ടത്തിെൻറ മർദനമേറ്റ് മരിച്ച സംഭവം ഒതുക്കിയെന്ന് ആക്ഷേപം. ആദൂർ കൊയക്കുടൽ കോളനിയിലെ ബേഡുവിെൻറ മകൻ ലക്ഷ്മണെൻറ (44) മരണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ദുരൂഹത ശേഷിപ്പിച്ച് അവസാനിപ്പിച്ചത്. 2017 സെപ്റ്റംബർ 12ന് രാവിലെ ആദൂർ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് പരിക്കേറ്റ് അബോധാവസ്ഥയിൽ കാണപ്പെട്ട ലക്ഷ്മണൻ ഒക്ടോബർ അഞ്ചിന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. ദിവസങ്ങളോളം മംഗളൂരു വെൻലോക്, ദേർളക്കട്ട എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 11ന് രാത്രി ഏഴിന് അടൂർ പാണ്ടിയിൽ ചിലർ തന്നെ തടഞ്ഞുവെച്ച് മർദിച്ചതായി ഇയാൾ ദേർളക്കട്ട ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസിന് മൊഴിനൽകിയിരുന്നു. മർദിച്ചവരുടെ പേരുവിവരങ്ങളും പറഞ്ഞിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ, അഞ്ചിലധികം പേർ സംഘം ചേർന്ന് തടഞ്ഞുവെച്ച് വധിക്കാൻ ശ്രമിച്ചതിന് ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മരണശേഷം ഇത് കൊലപാതകക്കേസാക്കി മാറ്റിയെങ്കിലും, ഒടുവിൽ വീണ് മരിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, ലക്ഷ്മണനെ രഹസ്യകേന്ദ്രത്തിൽ പീഡനത്തിനിരയാക്കുന്നതിെൻറ ദൃശ്യങ്ങൾ ‘മാധ്യമ’ത്തിന് ലഭിച്ചു.
കഴുത്തിന് പിന്നിൽ നെട്ടല്ലിനേറ്റ ഗുരുതരമായ പരിക്കുകാരണം ശ്വാസകോശം ഉൾപ്പെടെ ശരീരഭാഗങ്ങളുടെ പ്രവർത്തനം നിലച്ചതാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് സർജൻ തയാറാക്കിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇത് മറയാക്കിയാണ് ഉയരത്തിൽനിന്ന് വീണതാണ് മരണത്തിനിടയാക്കിയതെന്ന് പൊലീസ് പറയുന്നത്. മർദനമേറ്റതായി പറയുന്ന പാണ്ടിയിൽനിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് ലക്ഷ്മണനെ അബോധാവസ്ഥയിൽ കണ്ടെത്തിയ സ്കൂൾ മൈതാനം. ആക്രമിച്ചശേഷം രാത്രി ഇവിടെ കൊണ്ടുവന്നിട്ടതാണെന്ന് വീട്ടുകാർ സംശയിക്കുന്നു.
കഴുത്തിനുപിന്നിൽ ഏഴ് സെൻറി മീറ്റർ ആഴത്തിലും മുതുകിൽ ഇടത് തോളിന് മുകൾഭാഗത്തായി മൂന്ന് സെൻറി മീറ്റർ ആഴത്തിലും മുറിവുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. തലയിലും പരിക്കുണ്ടായിരുന്നു. പല്ലുകൾ കൊഴിഞ്ഞതായും മൂത്രസഞ്ചിക്ക് തകരാർ സംഭവിച്ചതായും സഹോദരൻ രാമൻ പറഞ്ഞു. അക്രമികളെക്കുറിച്ച് സൂചന ലഭിച്ചിട്ടും അന്വേഷണം ആ വഴിക്ക് നീങ്ങിയില്ലെന്ന് ലക്ഷ്മണെൻറ ബന്ധുക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.