പാലക്കാട്: ശനിയാഴ്ച പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിലെ സ്വരലയ സംഗീതോത്സവ വേദിയിലെ സായാഹ്നത്തിൽ പ്രശസ്ത കവി ഒ.എൻ.വി. കുറുപ്പിന്റെ നിശ്ശബ്ദ സാന്നിധ്യമുണ്ടായിരുന്നു. മകൾ ഡോ. മായാദേവി കുറുപ്പ് മോഹിനിയാട്ടത്തിൽ ചുവടുവെച്ചപ്പോഴും പേരക്കുട്ടി അമൃത ജയകൃഷ്ണൻ ഭരതനാട്യത്തിൽ സദസ്സിനെ കൈയിലെടുത്തപ്പോഴും ഒ.എൻ.വി എന്ന മഹാകവിയെ സ്മരിക്കാത്തവർ ആരുമുണ്ടായിരുന്നില്ല. രണ്ട് വ്യത്യസ്ത ഇനങ്ങളായി അരങ്ങേറിയ ഇരുവരുടെയും നൃത്താവിഷ്കാരമായ ‘ഛായാ നൂപുരം’ വൻ കൈയടികളോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
ആസ്റ്റർ മെഡ് സിറ്റിയിലെ ഗൈനക്കോളജി റോബോട്ടിക് സർജനാണ് ഡോ. മായാദേവി. മകൾ അമൃത യു.കെയിൽ മാനേജ്മെന്റ് കൺസൽട്ടന്റാണ്. മായാദേവിയുടെ ആദ്യ ഗുരു തങ്കം ടീച്ചറായിരുന്നു. വെമ്പായം അപ്പുക്കുട്ടന്റെ കീഴിൽ കഥകളി, ചന്ദ്രിക കുറുപ്പിൽനിന്ന് കുച്ചിപ്പുടി, അഞ്ചാം ക്ലാസ് മുതൽ ലീല പണിക്കരുടെ കീഴിൽ ഭരതനാട്യം എന്നിവ പഠിച്ചു. ഏഴാം ക്ലാസ് മുതൽ മോഹിനിയാട്ട പഠനം കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയിൽനിന്ന്.
മെഡി. കോളജിൽ എത്തിയ ശേഷമാണ് ഒഡീസി പഠനം. ഗുരു ഒഡിഷയിൽനിന്നുള്ള ത്രിനാഥ് മഹാറാണ. മെഡിസിൻ പഠനകാലത്ത് രണ്ടു മണിക്കൂർ മോഹിനിയാട്ടം കച്ചേരി ചെയ്തു. ജയലക്ഷ്മി ശ്രീനിവാസനും ചേർത്തല ഗോപാലൻ നായരും സംഗീത ഗുരുക്കളായിരുന്നു. 15 വർഷത്തോളം ഇംഗ്ലണ്ടിൽ ഡോക്ടറായിരുന്നപ്പോൾ മോഹിനിയാട്ടം പഠിപ്പിച്ചും കൊറിയോഗ്രഫി ചെയ്തും നർത്തകിയായി തിളങ്ങി. 10 വർഷം മുമ്പ് ഒ.എൻ.വി അസുഖബാധിതനായപ്പോൾ നാട്ടിലെത്തിയതാണ്. കേരളത്തിൽ ആദ്യം ഗൈനക്കോളജിയിൽ റോബോട്ടിക് സർജറി ചെയ്തത് മായാദേവി ആയിരുന്നു. സയൻസ് പഠിക്കാൻ താൽപര്യമുണ്ടായിരുന്നതിനാലാണ് മെഡിസിന് ചേർന്നതെന്ന് മായാദേവി പറയുന്നു. പിതാവിൽനിന്നോ മാതാവിൽനിന്നോ ഒരു സമ്മർദവും ഉണ്ടായിരുന്നില്ല. ഇപ്പോഴും ജോലിക്കൊപ്പം നൃത്തവും കൊണ്ടുപോകാനാവുന്നുണ്ട്.
അമൃത വളർന്നതും പഠിച്ചതും യു.കെയിലായിരുന്നു. പത്താം വയസ്സിൽ അമ്മ നൃത്തം ചെയ്യുന്നത് കണ്ടാണ് നൃത്തത്തിൽ താൽപര്യം വന്നതെന്ന് അമൃത പറയുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയ ശേഷം ലണ്ടനിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും ധാരാളം നൃത്തപരിപാടികൾ നടത്തി. 2019 സൂര്യഫെസ്റ്റിവലിലും മാർഗഴി ഫെസ്റ്റിവലിലും സോളോ ചെയ്തു. ജോലിയും നൃത്തവും ഒരുമിച്ച് കൊണ്ടുപോകാനാകുമെന്ന പ്രതീക്ഷയിലാണ് അമൃത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.