തിരുവനന്തപുരം: റോഡ് നിയമങ്ങൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കും നിലംതൊടാതെ പായുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മൂക്കുകയർ. പിടികൂടി പിഴയിട്ടും താക്കീതും നൽകി വിടുകയും ഹ്രസ്വകാലത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് പകരം കുറ്റം ചെയ്തവർക്കെതിരെ കടുത്ത നടപടിയാണ് മോട്ടോർ വാഹനവകുപ്പ് ആലോചിക്കുന്നത്.
ലൈസൻസ് റദ്ദാക്കിയാൽ ആർ.ടി.ഒ ഹിയറിങ് കഴിഞ്ഞ് അധികം വൈകാതെ തിരിച്ചുകിട്ടുന്നതാണ് നിലവിലെ രീതി. എന്നാൽ ഇനി ലൈസൻസ് റദ്ദാക്കിയാൽ തിരികെ കിട്ടുന്നതിനുള്ള കാലപരിധി കർശനമാക്കും. ഒപ്പം നിശ്ചിത സമയത്തെ നിർബന്ധിത സാമൂഹികസേവനവും ഏർപ്പെടുത്തും. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാൻ തുടങ്ങിയ പരിശോധനകൾ മറ്റ് വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച രൂപരേഖയും മോട്ടോർ വാഹനവകുപ്പ് തയാറാക്കുന്നുണ്ട്.
രണ്ടാഴ്ച കൊണ്ട് പരിമിതിപ്പെടുന്ന സ്പെഷൽ ഡ്രൈവുകൾക്ക് പകരം തുടർച്ചയായി നിരീക്ഷണം ഉറപ്പാക്കുന്ന പരിശോധനകൾക്കും തീരുമാനിച്ചിട്ടുണ്ട്. പുതുച്ചേരി രജിസ്ട്രേഷൻ, സൺ ഗ്ലാസ് ഫിലിം, ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം, നിയമവിരുദ്ധ സൈലൻസറുകൾ എന്നിവക്കെതിരെയടക്കമുള്ള പരിശോധനകളെല്ലാം ഇത്തരത്തിൽ ചുരുങ്ങിയകാലത്തിൽ ഒതുങ്ങിയിരുന്നു. ഈ പോരായ്മ പരിഹരിക്കുംവിധ പരിശോധന സംവിധാനം നവീകരിക്കും.
പൊതുജനത്തിന്റെ സഹായം പ്രയോജനപ്പെടുത്തി ഗതാഗത നിയമലംഘനങ്ങളും മത്സരയോട്ടവും തടയുന്നതിനും തീരുമാനമുണ്ട്. ഇതിനായി ഒരാഴ്ചക്കുള്ളിൽ മൊബൈൽ ആപ് തയാറാക്കും. ഇതുവഴി നിയമലംഘനങ്ങൾ ചിത്രമടക്കം ഉൾപ്പെടുത്തി അധികൃതർക്ക് നൽകാം. പരിശോധനകളുടെ പുരോഗതി വിലയിരുത്തുന്നതിന് ഗതാഗത കമീഷണറുടെ നേതൃത്വത്തിൽ സോണൽ തരത്തിൽ അവലോകനയോഗങ്ങളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.