ദർസ് പഠനത്തിനെത്തി ആദ്യ ദിനം വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

പെരിന്തൽമണ്ണ: പള്ളിദർസ് ആരംഭിക്കുന്ന ആദ്യദിനം പുതുതായി പഠിക്കാനെത്തിയ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. തിരൂർ വെട്ടം പറവണ്ണ പള്ളത്ത് വീട്ടിൽ ഹുസൈന്‍റെ മകൻ ഹാരിസാണ് (20) മരിച്ചത്. പെരിന്തൽമണ്ണ കക്കൂത്ത് കുമരംകുളം ജുമാമസ്ജിദിനോട് ചേർന്ന പള്ളിദർസിൽ പുതിയ അധ്യയന വർഷത്തെ ക്ലാസ് ആരംഭിക്കുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉച്ചക്ക് പ്രാർഥന നിർവഹിച്ച് ഉദ്ഘാടനം നടത്താനിരുന്നതാണ്. മരണത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചു.

രാവിലെ ആറിന് പള്ളി പരിസരത്തെ കുളത്തിൽ കുളിക്കാനിറങ്ങിയ ഹാരിസ് മുങ്ങിത്താഴുകയായിരുന്നു. 6.15ന് പെരിന്തൽമണ്ണ ഫ‍യർ ആൻഡ് റസ്ക്യൂ ടീം സ്ഥലത്തെത്തി ഹാരിസിനെ പുറത്തെടുത്ത് സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പത്തടിയോളം വെള്ളമുള്ള കുളത്തിലായിരുന്നു അപകടം.

പ്ലസ്ടു പൂർത്തിയാക്കിയ ഹാരിസ് നേരത്തേ ദർസ് പഠനം ആരംഭിച്ച് തുടർപഠനത്തിനായാണ് കക്കൂത്ത് ദർസിൽ ചേർന്നത്. ഹാസിഫയാണ് ഹാരിസിന്റെ മാതാവ്. സഹോദരങ്ങൾ: അബ്ദുൽ അസീബ്, അംറാസ്, അംനാസ്. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് രണ്ടിന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.  

Tags:    
News Summary - Dars Student drowned in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.