തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക ദായാബായി നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മന്ത്രിമാരുടെ സംഘം നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ദയാബായി നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രിമാരായ വീണാ ജോർജും ആർ. ബിന്ദുവും അറിയിച്ചു. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും അംഗീകരിച്ചുവെന്നും മന്ത്രിമാർ അറിയിച്ചു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കാസർകോട് മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലെ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിക്കുകയാണെന്ന് സമരസമിതി അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിലായിരുന്നു രണ്ടാഴ്ച ദയാബായി സമരം നടത്തിയിരുന്നത്. കാസർകോട്ടെ അഞ്ച് ആശുപത്രികളിൽ വിദഗ്ധചികിത്സ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സ ക്യാമ്പ് പുനരാരംഭിക്കുക, എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.