കൊച്ചി: ഡി.സി.സി പ്രസിഡൻറ് പട്ടിക വന്നതിനു പിന്നാലെ കോൺഗ്രസിലുയർന്ന പൊട്ടിത്തെറിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താനും കെ. സുധാകരനും ഏതെങ്കിലും മൂലയിൽ മാറിനിന്ന് ചർച്ച ചെയ്ത് തീരുമാനിച്ചതല്ല ഈ പട്ടിക. ചർച്ച നടത്തിയിട്ടില്ലെന്ന് ഉമ്മൻ ചാണ്ടിയും രമേശ് െചന്നിത്തലയും പറഞ്ഞത് തെറ്റാണ്. പലതല ചർച്ചകളാണ് നടന്നത്. ഇരുവരുമായി രണ്ടുവട്ടം ചർച്ച നടത്തി. എല്ലാവരെയും തൃപ്തിപ്പെടുത്തി പട്ടിക ഇറക്കാനാവില്ല. പുതിയ നേതൃത്വത്തെ ചുമതലയേൽപിക്കുമ്പോൾ അവരാണ് തീരുമാനമെടുക്കേണ്ടത്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇവർ മുമ്പെടുത്ത പല തീരുമാനങ്ങളിലും പലർക്കും അതൃപ്തിയുണ്ടായിരുന്നെങ്കിലും സഹകരിച്ചാണ് മുന്നോട്ടുപോയത്. അവർ 18 വർഷം തീരുമാനിച്ചു ചെയ്തിരുന്ന കാര്യത്തിൽനിന്ന് മാറ്റം വന്നത് അവരും മനസ്സിലാക്കണ്ടേ. പുതുതായി ഒരു ഗ്രൂപ്പും ഉണ്ടാക്കാനോ ഉള്ള ഗ്രൂപ്പുകളെ തകർക്കാനോ തങ്ങളില്ല, എന്നാൽ, ഗ്രൂപ് ഒരിക്കലും പാർട്ടിക്കു മീതെയാകരുത്. ആരും ഒരാളുടെയും പെട്ടിതൂക്കികളല്ലെന്നും അദ്ദേഹം പരിഹാസങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ആലപ്പുഴ: ഡി.സി.സി അധ്യക്ഷന്മാരെ തീരുമാനിച്ചതിൽ കേരളത്തിൽ വേണ്ടത്ര ചർച്ച നടത്തിയിട്ടില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്ഥാനം കിട്ടുേമ്പാൾ ഗ്രൂപ്പില്ലെന്ന് പറയുന്നതിനോട് യോജിക്കുന്നില്ല. കേരളത്തിൽ ആർക്കാണ് ഗ്രൂപ്പില്ലാത്തത്. എല്ലാവർക്കും ഗ്രൂപ്പുണ്ട്. ഒരുകാലത്ത് ഗ്രൂപ്പിെൻറ ഭാഗമായും മാനേജർമാരായും പ്രവർത്തിച്ചവരാണ് ഭൂരിഭാഗവും. തർക്കവും അഭിപ്രായവ്യത്യാസവും ചർച്ച നടത്താമെന്ന് ഉമ്മൻ ചാണ്ടിക്കും എനിക്കും വാഗ്ദാനം നൽകിയെങ്കിലും പാലിച്ചില്ല. അതിനാലാണ് ഹൈകമാൻഡിനെ സമീപിച്ചത്. അച്ചടക്ക നടപടിയെടുക്കാനുള്ള അധികാരം അധ്യക്ഷനുണ്ട്. അത് ഭരണഘടനാനുസൃതമാകണം - അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം: ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിലും മികച്ചവരെ കണ്ടെത്താനാകുമായിരുന്നെന്ന് ഉമ്മൻ ചാണ്ടി. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷിനെ സാക്ഷിനിർത്തിയാണ് അദ്ദേഹം പ്രതികരിച്ചത്. പട്ടിക സംബന്ധിച്ച ചർച്ച നടത്തിയെന്നു വരുത്തി. പിന്നീട് ചർച്ച ചെയ്യാമെന്ന് പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. കോട്ടയത്തെ സംബന്ധിച്ച് പാനലാണ് ചോദിച്ചത്. ആ പാനലിൽ നാട്ടകം സുരേഷ്, ഫിൽസൺ മാത്യൂസ്, ജോമോൻ ഐക്കര എന്നീ മൂന്നുനേതാക്കളുടെ പേരുണ്ടായിരുന്നു. ഒരാളുടെ പേര് ചോദിച്ചിരുന്നെങ്കിൽ ഒന്നുകൂടി ചർച്ച ചെയ്ത് തീരുമാനിക്കുമായിരുന്നു. ഇടുക്കി ഡി.സി.സിയിൽ പുതിയ പ്രസിഡൻറിനായി താൻ നിർബന്ധിച്ചു എന്നാണ് പ്രചാരണം. ഇപ്പോഴത്തെ പ്രസിഡൻറിെൻറ പേര് താൻ പറയുമെന്ന് അദ്ദേഹംപോലും പ്രതീക്ഷിക്കില്ല. കൂടിയാലോചന നടന്നില്ലെന്നും നടക്കാത്ത കാര്യം നടെന്നന്ന് പറയുന്നതും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോട്ടയം: പ്രതിഷേധങ്ങൾ ദൗർഭാഗ്യകരമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉമ്മൻ ചാണ്ടി പറയുന്ന കാര്യം ഗൗരവത്തിലെടുക്കണം. കോൺഗ്രസ് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ലക്ഷക്കണക്കിന് പ്രവർത്തകർ. അവരുടെ മനസ്സിനെ വിഷമിപ്പിക്കുന്നത് ശരിയല്ല. ഹൈകമാൻഡ് പുറത്തിറക്കിയ പട്ടികയാണിത്. അതിൽ ഏതുതരത്തിെല ചർച്ചകളാണ് നടന്നതെന്ന് അറിയില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
തിരുവനന്തപുരം: ഡി.സി.സി പുനഃസംഘടന പട്ടികയെ പിന്തുണച്ച് കെ. മുരളീധരൻ എം.പി. മുമ്പില്ലാത്തവിധം ചർച്ച നടന്നതായി അദ്ദേഹം പറഞ്ഞു. ജനകീയ മുഖം പുനഃസംഘടനയിൽ വന്നു. 14 പേരും യോഗ്യരാണ്. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിത്. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടാകും. എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല. ഗ്രൂപ് ഇത്തവണ യോഗ്യത മാനദണ്ഡമല്ലെന്നും അദ്ദേഹം പറഞ്ഞു. എം.പി, എം.എൽ.എമാർ, മുൻ പ്രസിഡൻറുമാർ എന്നിവരുമായെല്ലാം ചർച്ച നടന്നു. മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു- അദ്ദേഹം പറഞ്ഞു.
കൊച്ചി: ഡി.സി.സി പ്രസിഡൻറ് പട്ടിക പുറത്തുവിട്ടതിനു പിന്നാലെ കോൺഗ്രസിലുയർന്ന പോരിൽ തമ്മിലടിച്ച് എറണാകുളം ജില്ലയിലെ മുതിർന്ന നേതാക്കളും. മുൻ യു.ഡി.എഫ് കൺവീനറും എം.പിയുമായ ബെന്നി ബഹനാൻ, കെ. ബാബു എം.എൽ.എ തുടങ്ങിയവർ പട്ടികയിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയപ്പോൾ കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് പി.ടി. തോമസ് എം.എൽ.എ പുതിയ പട്ടികക്കും നേതൃത്വത്തിെൻറ തീരുമാനത്തിനും പിന്തുണ നൽകി. പുതിയ പ്രസിഡൻറുമാർക്ക് ആശംസയർപ്പിച്ച് കോൺഗ്രസ് നേതൃത്വത്തിന് പിന്തുണ നൽകുന്ന നിലപാടാണ് മുൻ കേന്ദ്രമന്ത്രികൂടിയായ കെ.വി. തോമസ് സ്വീകരിച്ചത്. വേണ്ടത്ര ആലോചനകൾ നടക്കാതെയാണ് പട്ടിക തയാറാക്കിയതെന്ന് കെ. ബാബുവും ബെന്നി ബഹനാനും ആരോപിച്ചു. കാര്യങ്ങളിത്രയും വഷളാക്കാതെ, വളരെ ഭംഗിയായി ഈ പ്രശ്നം പരിഹരിക്കാമായിരുെന്നന്ന് ബാബു പറഞ്ഞു.
വേണ്ടത്ര ചർച്ച നടന്നിട്ടിെല്ലന്ന് ബെന്നി ബഹനാൻ കുറ്റപ്പെടുത്തി. കോൺഗ്രസ് അഖിലേന്ത്യ നേതൃത്വമാണ് അവസാനഘട്ടത്തിൽ ഇങ്ങോട്ടു ബന്ധപ്പെട്ട് ചർച്ച നടത്തിയത്. ഇതിെൻറ പൂർണ ഉത്തരവാദിത്തം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനാണ്- അദ്ദേഹം പറഞ്ഞു. എന്നാൽ, ഗ്രൂപ്പിെനക്കാൾ പ്രാധാന്യം പാർട്ടിക്ക് നൽകിയ പട്ടികയാണിതെന്ന് പി.ടി. തോമസ് വ്യക്തമാക്കി. കഴിഞ്ഞ 15ന് പുറത്തുവിടേണ്ട പട്ടികയായിരുന്നു ഇതെങ്കിലും കൂടുതൽ കൂടിയാലോചനകൾ വേണ്ടിവന്നതുകൊണ്ടാണ് വീണ്ടുമൊരു 15 ദിവസംകൂടി വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട്: എ. തങ്കപ്പനെ ഡി.സി.സി അധ്യക്ഷനാക്കിയതിനെച്ചൊല്ലി പാലക്കാട് കോൺഗ്രസിൽ ഭിന്നത. സാധ്യതപട്ടികയിലുണ്ടായിരുന്ന മുൻ എം.എൽ.എ എ.വി. ഗോപിനാഥ് പരസ്യമായി രംഗത്തെത്തി. ഉമ്മൻ ചാണ്ടിക്കും കെ. സുധാകരനും 'മറവി' ഉണ്ടായതായി സംശയിക്കുന്നതായി അദ്ദേഹം തുറന്നടിച്ചു. തിങ്കളാഴ്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഇടഞ്ഞ എ.വി. േഗാപിനാഥിനെ ഉമ്മൻ ചാണ്ടിയും കെ. സുധാകരനും ഇടപെട്ടാണ് അനുനയിപ്പിച്ചത്. അതിനിടെ, അദ്ദേഹവും അനുനായികളും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുയർന്നു. ഇതുസംബന്ധിച്ച കൂടിയാലോചന നടക്കുന്നതായി അറിയുന്നു.
ആലപ്പുഴ: ബാബുപ്രസാദ് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് വന്നതോടെ കെ.സി. വേണുഗോപാൽ വിഭാഗത്തിന് കടുത്ത അതൃപ്തി. പട്ടികയിൽ ഇടംപിടിച്ച കെ.പി. ശ്രീകുമാർ പുറത്തായതിെൻറ െഞട്ടലിലാണ് പല മുതിർന്ന നേതാക്കളും. തുടക്കത്തിൽ ബാബുപ്രസാദിെൻറ പേരാണ് പരിഗണിച്ചത്. എന്നാൽ, മികച്ച സംഘാടകനായ ശ്രീകുമാറിെൻറ പേര് സജീവ പരിഗണനക്ക് എത്തിയപ്പോഴാണ് രമേശ് ചെന്നിത്തലയുടെ ഇടപെടലുണ്ടായത്.
ഡി.സി.സി പദവി കിട്ടിയില്ലെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനംകൂടി നഷ്ടമായ ചെന്നിത്തലക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. ഈ നീക്കം തടയാനാകാതെ നിരാശയിലായ ചില നേതാക്കൾ പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. എന്നാൽ, കെ.പി. ശ്രീകുമാറിെന പ്രതീക്ഷിച്ച് പോസ്റ്റർ അടക്കമുള്ളവ തയാറാക്കിയ സാധാരണപ്രവർത്തകർ ഫേസ്ബുക്കിലൂടെ വിമർശനം അഴിച്ചുവിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.