ഫറോക്ക്: ഭർതൃവീട്ടിൽ നിന്ന് അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന ബന്ധുക്കളുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഉച്ചയോടെ കരുവൻതിരുത്തി ജുമാമസ്ജിദിൽ ഖബറടക്കി. മരണ കാരണം മഞ്ഞപ്പിത്ത ബാധയാണെന്നും എന്നാൽ, ഇതിലേക്ക് നയിച്ചത് എന്താണെന്ന് കൃത്യമായി അറിയാൻ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയക്കുമെന്നും കൊണ്ടോട്ടി പൊലീസ് പറഞ്ഞു.
ഫറോക്ക് കരുവൻതിരുത്തി നെടുംപുറം ഹൗസിൽ പരേതനായ വി. മുഹമ്മദിെൻറ മകൾ സൈഫുന്നിസയുടെ (37) മരണത്തിൽ സംശയം പ്രകടിപ്പിച്ചാണ് സഹോദരൻ അൻവർ കഴിഞ്ഞ ദിവസം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സൈഫുന്നിസ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് അസുഖബാധിതയായ സൈഫുന്നിസയെ കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പിലെ ഭർത്താവ് മുഹമ്മദ് കോയയുടെ വീട്ടിൽ നിന്ന് സഹോദരങ്ങൾ കരുവൻതിരുത്തിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിക്കാനാകാതെ ഛർദി കൂടുതലായതോടെ നഗരത്തിലും ഫറോക്കിലും സ്വകാര്യ ആശുപത്രിയിലും ഒടുവിൽ മെഡിക്കൽ കോളജിലുമെത്തിച്ചു.
അവശനിലയിലായ യുവതിയുടെ ആന്തരികാവയവങ്ങൾ തകരാറിലായതായും പറയുന്നു. വിഷാംശം കലർന്ന ഭക്ഷ്യവസ്തു അകത്തുചെന്നതാണ് മരണകാരണമെന്ന ഡോക്ടർമാരുടെ സംശയമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകാൻ കാരണം.
ഏതോ പ്രത്യേക പാനീയം ഭർത്താവ് നിർബന്ധിപ്പിച്ച് കുടിപ്പിച്ചിരുന്നുവെന്ന് നേരത്തെ യുവതി പറഞ്ഞിരുന്നതും ബന്ധുക്കളുടെ സംശയം ബലപ്പെടുത്തി. പരാതിയെ തുടർന്ന്, മൃതദേഹം തഹസിൽദാറുടെ സാന്നിധ്യത്തിൽ പൊലീസ് സർജെൻറ മേൽനോട്ടത്തിലാണ് ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.