എ.ഡി.എമ്മിന്റെ മരണം: കലക്ടറുടെ മൊഴിയെടുത്തു, പമ്പുടമയുടെ പരാതിയിൽ അടിമുടി ദുരൂഹത

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത കണ്ണൂർ കലക്ടർ അരുൺ കെ. വിജയൻ്റെ മൊഴിയെടുത്തു. മൊഴിയെടുപ്പ് ഏഴ് മണിക്കൂർ നീണ്ടു. പത്തനംതിട്ട കലക്ടർ ആവശ്യപ്പെട്ടിട്ടും കണ്ണൂർ കലക്ടർ എ.ഡി.എമ്മിന്റെ വിടുതൽ വൈകിച്ചു വെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഭാഗത്തുനിന്നുണ്ട്.

ഇതിനിടെ, കൈക്കൂലി ആരോപണവിഷയത്തിൽ പെട്രോൾ പമ്പ് ഉടമ ടി.വി. പ്രശാന്തൻ നൽകിയ പരാതിയിൽ ദുരൂഹതേയറുന്നു. പമ്പിന് ഭൂവുടമയുമായി ഉണ്ടാക്കിയ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വ്യത്യസ്തം. നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്ത് എന്ന വിനോയ് വർഗീസ് ഇ എന്നയാളുമായി ഉണ്ടാക്കിയ പാട്ടക്കരാറിൽ എല്ലാ പേജുകളിലും ‘പ്രശാന്ത്’ എന്നാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്ന പരാതിയിലാകട്ടെ ‘പ്രശാന്തൻ ടി.വി. നിടുവാലൂർ’ എന്നുമാണ്. പാട്ടക്കരാർപോലുള്ള നിർണായക രേഖയിൽ പ്രശാന്തും മുഖ്യമന്ത്രിക്കുള്ള പരാതിയിൽ പ്രശാന്തൻ ടി.വിയും എന്നും രണ്ടുതരം ഒപ്പും വന്നത് കൈക്കൂലിക്കഥ അനുദിനം ദുർബലമാകുന്നുവെന്നാണ് വിലയിരുത്തൽ. പ്രശാന്ത് നേരിട്ടെത്തിയാണ് കരാർ ഒപ്പിട്ടതെന്ന് വൈദികൻ നേരത്തേ പറഞ്ഞിരുന്നു.

പമ്പുടമ പ്രശാന്തനെക്കുറിച്ച് രണ്ട് സംശയമാണ് നേരത്തേതന്നെ ഉയർന്നുവന്നത്. പരിയാരം മെഡിക്കൽ കോളജിൽ ഇലക്ട്രീഷ്യനായ ഇദ്ദേഹത്തിന് പമ്പ് തുടങ്ങാനുള്ള സാമ്പത്തികശേഷിയില്ലെന്നും ബിനാമിയാണെന്നുമാണ് പ്രധാന പരാതി. എ.ഡി.എം നവീൻബാബു ജീവനൊടുക്കിയശേഷം കൈക്കൂലി ആരോപിച്ച് പഴയ തീയതിയിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നാണ് രണ്ടാമത്തെ ആരോപണം. ഇത്തരം ആരോപണങ്ങൾ ശക്തമാക്കുന്നതാണ് പേരിലും ഒപ്പിലുമുള്ള വൈരുധ്യം. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പ്രശാന്തൻ പെട്രോൾ പമ്പിന് ഒക്ടോബർ എട്ടിന് എൻ.ഒ.സി അനുവദിച്ചുവെന്നാണുള്ളത്. രേഖകൾ പ്രകാരം എൻ.ഒ.സി അനുവദിച്ചത് ഒക്ടോബർ ഒമ്പതിന് വൈകീട്ട് മൂന്ന് മണിക്കാണ്. ഇതും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.

Tags:    
News Summary - Death of ADM: Collectors statement taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.