പേരാമ്പ്ര: മകന്റെ മരണകാരണമറിയാതെ രണ്ടു വർഷം പിന്നിടുമ്പോൾ നൊമ്പരവുമായി അച്ഛനും അമ്മയും. കോട്ടൂർ പഞ്ചായത്ത് നരയംകുളം തച്ചറോത്ത് ശശി-സീമ ദമ്പതികളുടെ മകൻ അശ്വന്ത് (20) കണ്ണൂർ തോട്ടട ഗവ. പോളിടെക്നിക്കിലെ ഹോസ്റ്റലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. മൂന്നാം വർഷ വിദ്യാർഥിയായിരുന്ന അശ്വന്തിന്റെ മൃതദേഹം കോളജ് ഹോസ്റ്റലിൽ 2021 ഡിസംബർ ഒന്നിന് രാവിലെ തൂങ്ങിയ നിലയിൽ കാണപ്പെടുകയായിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാർഥന്റെ മരണത്തോട് ഇതിനും സാമ്യമുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാണിക്കുന്നു.
അശ്വന്ത് സ്ഥിരമായി താമസിക്കുന്ന മുറിയിലായിരുന്നില്ല മൃതദേഹം കാണപ്പെട്ടത്. വീട്ടിലോ നാട്ടിലോ ഒരു പ്രശ്നവും അവനുണ്ടായിരുന്നില്ല. മരണവിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും കോളജ് ഹോസ്റ്റലിൽ എത്തുമ്പോഴേക്കും മൃതദേഹം അഴിച്ചുകിടത്തിയിരുന്നു. ഒന്നാം വർഷ വിദ്യാർഥികൾക്കുവേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് തൂങ്ങിയതായി പറയുന്നത്. ഫാനിന്റെ ലീഫിൽ കെട്ടാൻ കയറിനിന്നുവെന്ന് പറയുന്ന കസേരയുടെ അടിഭാഗം തകർന്നതായിരുന്നു. അതിനു മുകളിൽ കയറിനിൽക്കാൻ കഴിയില്ലെന്നും അവനെ അഴിച്ചുകിടത്തിയവർ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതിരുന്നതും ദുരൂഹത ഉയർത്തുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു. കുടുംബം ഗവർണർക്ക് നൽകിയ നിവേദനത്തിൽ പറയുന്നത്: ‘മരണപ്പെട്ട ദിവസം പുലർച്ചെ 1.56 വരെ അവൻ വാട്സ്ആപ്പിൽ ഉണ്ടായിരുന്നു.
അവന്റെ ഫോൺ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഒന്നാം വർഷ വിദ്യാർഥികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 30ന് രാത്രി ഹോസ്റ്റലിലും കോളജിലും അലങ്കരിച്ചിരുന്നു. ഹോസ്റ്റലിലെ ഒരു വിദ്യാർഥിക്ക് അന്നേ ദിവസം രാത്രി തലക്ക് മുറിവേറ്റതായി അറിയാൻ കഴിഞ്ഞിരുന്നു. അശ്വന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജിലെ കുട്ടികളോട് അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായിട്ടാണ് സംഭവം വിശദീകരിച്ചത്. ഹോസ്റ്റലിൽ ചാർജുള്ള അധ്യാപകൻ രക്ഷിതാക്കളെ ബന്ധപ്പെട്ടിരുന്നില്ല. അസ്വാഭാവിക മരണത്തിന് എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അതിഗുരുതര അനാസ്ഥയും അലംഭാവവുമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്.’
മരണം നടന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും അശ്വന്ത് ഉപയോഗിച്ച ഫോൺ പരിശോധിച്ച് വീട്ടുകാരെ തിരിച്ചേൽപിക്കാൻ പൊലീസ് തയാറായിട്ടില്ല. വാട്സ്ആപ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിച്ചാൽ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്നറിഞ്ഞിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ബന്ധുക്കൾ പറയുന്നു. സാമ്പത്തികമായി വളരെ പിന്നാക്കംനിൽക്കുന്ന കുടുംബമാണ് അശ്വന്തിന്റേത്. വീടുപ്രവൃത്തിപോലും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
അച്ഛനും അമ്മയും സഹോദരിയും അച്ഛമ്മയും അടങ്ങുന്ന കുടുംബം അശ്വന്തിലായിരുന്നു പ്രതീക്ഷയർപ്പിച്ചത്. അപ്രതീക്ഷിതമായുണ്ടായ അവന്റെ വിയോഗം ഇവരെ മാനസികമായി തളർത്തിയിരിക്കുകയാണ്. കാര്യക്ഷമമായ അന്വേഷണം നടത്തിയാൽ അശ്വന്തിന്റെ മരണകാരണം കണ്ടെത്താൻ കഴിയുമെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.