മലപ്പുറം: വി.കെ പടി അങ്ങാടിക്ക് സമീപം ദേശീയപാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പക്ഷി കുഞ്ഞുങ്ങൾ ചത്ത സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ദേശീയപാത അതോറിറ്റിയോട് റിപ്പോർട്ട് തേടി. ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള നിർമാണമായതിനാലാണ് അവരോട് റിപ്പോർട്ട് തേടിയത്. സംഭവത്തിൽ കരാറുകാരനെതിരെ ശക്തമായ നടപടിയെടുക്കാനും മന്ത്രി ആവശ്യപ്പെട്ടു.
വന്യജീവി സംരക്ഷണ നിയമപ്രകാരം കരാറുകാർക്കെതിരെ വനം വകുപ്പ് കേസെടുക്കുകയും മണ്ണുമാന്തി യന്ത്രം ഡ്രൈവറെയും വാഹനവും കസ്റ്റയിലെടുത്തിട്ടുണ്ട്. വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്ററും സോഷ്യല്‍ ഫോറസ്ട്രി നോർതേണ്‍ റീജ്യൻ കണ്‍സര്‍വേറ്ററും ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ നടപടി സ്വീകരിക്കും.
മരംമുറിച്ചതിനെ തുടർന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍ ഉള്‍പ്പെട്ട അമ്പതിലേറെ നീർക്കാക്ക കുഞ്ഞുങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങൾക്ക് പറക്കാനായ ശേഷമേ മരം മുറിക്കാവൂ എന്ന കർശന നിർദേശം പോലും കരാറുകാരൻ ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു.
സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രന്‍, വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തതെന്ന് അറിയിച്ചു. മരം മുറിക്കാന്‍ അനുമതിയുണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുമുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നതുവരെ മുറിച്ചുമാറ്റരുതെന്ന വനം വകുപ്പിന്റെ നിര്‍ദേശം ലംഘിച്ചാണ് ഇത് ചെയ്തതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.