വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് ആറു വിദ്യാർഥികളെ കൂടി സസ്‌പെൻഡ് ചെയ്തു. കേസിൽ അറസ്റ്റിലായ വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.
12 വിദ്യാർഥികളെ കഴിഞ്ഞ മാസം 22ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതോടെ കേസിൽ പ്രതി ചേർത്ത 18 പേരെയും സസ്പെൻഡ് ചെയ്തു. ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക് (കോളജ് യൂനിയൻ സെക്രട്ടറി), ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയ്, ആർ.ഡി. ശ്രീഹരി ആർ ഡി എന്നിവരെയാണ് പുതുതായ സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച പൊലീസിൽ കീഴടങ്ങിയ എസ്.എഫ്.ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കോളജ് യൂനിയൻ പ്രസിഡന്‍റ് കെ. അരുൺ, യൂനിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരാണ് രാത്രി കൽപറ്റ ഡിവൈ.എസ്.പി ഓഫിസിലെത്തി കീഴടങ്ങിയത്. കൂടാതെ, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇയാളുടെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട പത്തുപേർ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.
കേസിലെ ഒന്നാംപ്രതി സീനിയർ വിദ്യാർഥി പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖിലിനെ (28) കല്‍പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒളിവിൽ കഴിയുന്നതിനിടെ പാലക്കാടുള്ള ബന്ധുവീട്ടിൽനിന്ന് പിടികൂടിയിരുന്നു. കോളജിൽനിന്ന് നേരത്തെ സസ്‌പെൻഡ് ചെയ്ത 12 വിദ്യാർഥികളിൽപെട്ടയാളാണ് അഖിൽ.
കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാക്കളടക്കം 11 പേരെ പിടികൂടാനുണ്ട്. സിദ്ധാർഥനെ മർദിച്ചവരിൽ അഖിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും നടപടി തുടങ്ങിയെന്നും ഡിവൈ.എസ്.പി ടി.എൻ. സജീവൻ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.