കൽപറ്റ: ആദിവാസികൾ കർണാടകയിൽ ജോലിക്ക് പോയി കാണാതാവുകയും മരണപ്പെടുകയും ചെയ്യുന്ന സാഹചര്യം തുടരുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. കുടകിലെ ഇഞ്ചിപ്പാടങ്ങളിലും കുടക് ഭൂവുടമകളുടെ തോട്ടങ്ങളിലും പണിക്ക് പോയ നിരവധി പേരാണ് 2005 മുതലുള്ള കാലഘട്ടങ്ങളിൽ ദുരൂഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടതും കാണാതായതും.
ഇതു സംബന്ധിച്ച് എത്ര പേർ മരിച്ചു, എത്ര പേരെ കാണാതായി എന്നോ കൃത്യമായ കണക്കില്ലാതെ ഭരണകൂടം. ജില്ലയിലെ മനുഷ്യാവകാശ പ്രവർത്തകനായ പി.പി. ഷാന്റോലാലിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ ഇതുവ്യക്തമാണ്.
ജില്ല കലക്ടർക്ക് വിവരാവകാശം പ്രകാരം അന്വേഷിച്ച കാര്യങ്ങൾക്ക് സുൽത്താൻ ബത്തേരി പട്ടിക വർഗ ഓഫിസിൽനിന്നും ജില്ല ഐ.ടി.ഡി.പി ഓഫിസിൽ നിന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ജില്ല കലക്ടറോടുള്ള ചോദ്യത്തിനും പട്ടിക വർഗ ഓഫിസിൽനിന്നാണ് മറുപടി നൽകിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽതന്നെ നാലു പേർ കുടകിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. 2008 ൽ നീതിവേദി എന്ന സംഘടന സംഘടിപ്പിച്ച പീപ്ൾസ് ട്രൈബ്യൂണലിൽ 122 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ചൂണ്ടിക്കാണിക്കുന്നു.
1. 2000 ജനുവരി 1 മുതൽ 2023 ജൂലൈ 15 വരെ (2000 മുതൽ കണക്ക് ലഭ്യമല്ലെങ്കിൽ കുടക് മരണങ്ങൾ ആദ്യമായി റിപ്പോട്ട് ചെയ്തത് മുതൽ) വയനാട് ജില്ലയിൽ നിന്ന് കുടകിൽ പണിക്ക് പോയി മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത ആദിവാസികളായവരുടെ പേര് വിലാസം തുടങ്ങിയവ വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുന്നു?
1. രവി പച്ചാടി പണിയ കോളനി കിടങ്ങാട് (2019), ഗോപാലൻ രാമഗിരി കോളനി കൃഷ്ണഗിരി, ബാലൻ ഓണക്കരക്കുന്ന് വീട് കാര്യമ്പാടി, അയ്യപ്പൻ കട്ടക്കണ്ടി കോളനി ചേകാടി, രാജു ചൂണ്ടപ്പാടി പണിയ കോളനി നൂൽപുഴ (2020), മണി പാളക്കൊല്ലി കോളനി പുൽപള്ളി, അപ്പു ഗോഖല നഗർ കോളനി മീനങ്ങാടി, ചന്ദ്രൻ തുത്തിലേരിക്കുന്ന് കോളനി അതിരാറ്റുകുന്ന് (2021), പാർവതി ചിറമൂല കോളനി നൂൽപുഴ (2022), ശേഖരൻ പാളക്കൊല്ലി കോളനി പുൽപള്ളി (2023).
2. കുടകിൽ മരിച്ച മുഴുവൻ ആദിവാസികളുടെയും പോസ്റ്റ് മോർട്ടം റിപ്പോട്ടിന്റെ പകർപ്പ്?
ഈ ഓഫിസിൽ ലഭ്യമല്ല
3. കുടകിലെ ആദിവാസികളുടെ മരണങ്ങളെ സംബന്ധിച്ച് വയനാട് ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഏതെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര?
ഈ ഓഫിസിൽ ലഭ്യമല്ല
4. പ്രസ്തുത മുഴുവൻ അന്വേഷണ റിപ്പോട്ടുകളുടെയും പകർപ്പ്?
ഈ ഓഫിസിൽ ലഭ്യമല്ല
5. ആദിവാസികളുടെ കുടക് മരണങ്ങളിൽ
നഷ്ട പരിഹാരം നൽകിയിട്ടുണ്ടോ?
5. (a)ഉണ്ടെങ്കിൽ എത്ര പേർക്ക് നൽകി.?
5. (b)അവരുടെ പേര് അഡ്രസ്
കുടക് മരണങ്ങളിൽ ഈ ഓഫിസ് മുഖേന നഷ്ടപരിഹാരം നൽകിയിട്ടില്ല.
വെളുക്ക കുപ്പച്ചി കോളനി മേപ്പാടി (വർഷമില്ല), കറുപ്പൻ ജയ്ഹിന്ദ് കോളനി മൂപ്പൈനാട് (വർഷമില്ല), കയമ ചെമ്പോത്തറ മേപ്പാടി (15വർഷമായി കാണുന്നില്ല), ചന്ദ്രൻ പുഷ്പത്തൂർ കോളനി തെക്കുംതറ (2015), വെള്ളി മൂപ്പൻ കോളനി കോക്കുഴി (വർഷമില്ല), ബാലൻ പാലമംഗലം മുട്ടിൽ (2022).
കൽപറ്റ: ആദിവാസികൾക്കെതിരെ കുടകിലും വയനാട്ടിലും വ്യാപകമാകുന്ന അതിക്രമങ്ങൾ തടയുന്നതിന് പ്രവർത്തിക്കാൻ വിവിധ സംഘടനകളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതു സമിതി രൂപവത്കരിക്കുന്നു. ബുധൻ ഉച്ചക്ക് 2 മണിക്ക് മാനന്തവാടി കോഴിക്കോട് റോഡിലുള്ള ഹാക്സൺ ഓഡിറ്റോറിയത്തിൽ യോഗം ചേരുമെന്ന് സംഘാടക സമിതിക്ക് ഡോ: പി.ജി.ഹരി, ഷാന്റോലാൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.