പൂക്കോട്: ആൾക്കൂട്ട വിചാരണക്കും മർദനത്തിനും ഇരയായ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ ആത്മഹത്യചെയ്ത കേസിൽ ഒന്നാംപ്രതി പൊലീസ് പിടിയിൽ. സീനിയർ വിദ്യാർഥി പാലക്കാട്, പട്ടാമ്പി, ആമയൂര്‍ കോട്ടയില്‍ വീട്ടില്‍ കെ. അഖിലിനെയാണ് (28) കല്‍പറ്റ ഡിവൈ.എസ്.പി ടി.എന്‍. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഒളിവിൽ കഴിയുന്നതിനിടെ പാലക്കാടുള്ള ബന്ധുവീട്ടിൽനിന്ന് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
കോളജിൽനിന്ന് സസ്‌പെൻഡ് ചെയ്ത 12 വിദ്യാർഥികളിൽപെട്ടയാളാണ് അഖിൽ. കേസിൽ ഉൾപ്പെട്ട എസ്.എഫ്.ഐ നേതാക്കളടക്കം 11 പേരെ പിടികൂടാനുണ്ട്. സിദ്ധാർഥനെ മർദിച്ചവരിൽ അഖിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മറ്റു പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്നും നടപടി തുടങ്ങിയെന്നും ഡിവൈ.എസ്.പി ടി.എൻ. സജീവൻ പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. സിദ്ധാർഥൻ ആൾക്കൂട്ട വിചാരണക്കിരയായ സംഭവത്തിൽ ഏതെങ്കിലും സംഘടനക്ക് പങ്കുള്ളതായി ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.ഫെബ്രുവരി 18നാണ് ബി.വി.എസ്‍സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം, സിദ്ധാർഥന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും ഉത്തരവിട്ടു.
കെ.എസ്.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളജ് കവാടത്തിന് മുന്നില്‍ അനിശ്ചിതകാല റിലേ നിരാഹാരസമരം തുടങ്ങി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എ.ബി.വി.പി സംസ്ഥാന ജോയന്റ് സെക്രട്ടറി അമല്‍ മനോജ്, ജില്ല സെക്രട്ടറി യദുകൃഷ്ണന്‍ എന്നിവര്‍ പൂക്കോട് കോളജിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചു.
കസ്റ്റഡിയിലുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരാണ്. അന്യായമായി തടഞ്ഞുവെക്കൽ, അടിച്ചു പരിക്കേൽപിക്കൽ, റാഗിങ്ങ്, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടും.
പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാർത്ഥന്‍റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.