അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനിടെ കുട്ടിയും തുടർന്ന് അമ്മയും മരിക്കാനിടയായ സംഭവത്തില്‍ സംഭവദിവസം ഗൈനക്കോളജി വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.ഡോക്ടര്‍മാരുടെ ഭാഗത്തു പിഴവില്ലെന്ന് സൂചന. അമ്പലപ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രാഥമിക കണ്ടെത്തൽ.
കൈനകരി കുട്ടമംഗലം കായിത്തറയിൽ രാംജിത്തിന്റെ ഭാര്യ അപർണ (22), നവജാതശിശു (പെൺകുഞ്ഞ്) എന്നിവർ മരിച്ച സംഭവത്തിലാണ് പൊലീസ് അന്വേഷണം. ഇരുവരുടെയും മരണത്തില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധയുണ്ടെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. അപർണയെ സീനിയര്‍ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. ആരോപണവിധേയയായ ഗൈനക്കോളജി വിഭാഗം അസോ. പ്രഫസർ ഡോ. തങ്കു കോശി സംഭവദിവസം ഒ.പി ഡ്യൂട്ടി കഴിഞ്ഞ് ഉച്ചയോടെ മടങ്ങിയിരുന്നു.
ഇവർ യുവതിയെ പരിശോധിച്ചശേഷമാണ് മടങ്ങിയത്. അസി. പ്രഫസര്‍മാരായ ഡോ. ബിന്ദു നമ്പീശനും ഡോ. മീരാലക്ഷ്മിക്കുമായിരുന്നു തുടർന്ന് ചുമതല. എന്നാല്‍, താന്‍ ചികിത്സ നല്കിയ യുവതിക്ക് ശസ്ത്രക്രിയ വേണമെന്നറിഞ്ഞ് ഡോ. തങ്കുകോശി തിരിച്ച് ആശുപത്രിയില്‍ എത്തിയതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. മരിച്ച യുവതിയുടെ ബന്ധുക്കളില്‍നിന്ന് വെള്ളിയാഴ്ച വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടും ആവശ്യപ്പെടും.
ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുല്‍ സലാമിന്റെ നിർദേശപ്രകാരം ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് നവജാതശിശു മരിച്ചത്. ഗുരുതരാവസ്ഥയിൽ ട്രോമകെയറിൽ ചികിത്സയിലിരുന്ന മാതാവ് അപർണ ബുധനാഴ്ച പുലർച്ച നാലിനും.
ആദ്യപ്രസവത്തിൽ കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചതിനു പിന്നിൽ ചികിത്സാപിഴവാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.അതേസമയം യുവതി മരിക്കാനിടയായത് പെരിപാർട്ടം കാര്‍ഡിയോ മയോപതി (ഹൃദയ പേശീക്ഷയം) മൂലമെന്ന് സൂചന. ഗർഭാവസ്ഥയുടെ അവസാന സമയത്തോ പ്രസവത്തിനുശേഷം ഏകദേശം അഞ്ചു മാസത്തിനകമോ ഉണ്ടാകുന്ന അപൂർവ രോഗാവസ്ഥയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.