മേൽപറമ്പ് (കാസർകോട്): കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്തും സ്വകാര്യ സ്കൂൾ അധ്യാപകനുമായ യുവാവ് അറസ്റ്റിൽ. ബാര എരോലിലെ സഫ്‌വാൻ ആദൂറിനെയാണ് (29) ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും മേൽപറമ്പ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ടി. ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 15നായിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന യുവതിയെയും അഞ്ചര വയസ്സുള്ള മകളെയും അരമങ്ങാനത്തെ വീട്ടിൽനിന്ന് പുലർച്ചെ മുതൽ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ പിതാവ് മേൽപറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ യുവതിയുടെയും മകളുടെയും മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മുങ്ങിമരണമാണെന്ന് ബോധ്യപ്പെട്ടിരുന്നു.
മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പിന്നീട് പൊലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വിശദ അന്വേഷണത്തിൽ യുവതി സമൂഹ മാധ്യമത്തിലൂടെ ഒമ്പത് വർഷം മുമ്പ് പരിചയപ്പെട്ട ബാര സ്വദേശിയായ അധ്യാപകനുമായി ഇഷ്ടത്തിലാണെന്ന് കണ്ടെത്തി. അടുത്തിടെ യുവാവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ ഇരുവരും വഴക്കാവുകയും യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നുമാണ് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചതിൽ പരസ്പരമുള്ള ചാറ്റിങ്ങുകൾ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ യുവാവ് കേസിലെ തെളിവുകൾ നശിപ്പിച്ചതിനും കോടതിക്ക് റിപ്പോർട്ട് നൽകി. തുടർന്ന് മൊഴി എടുക്കുന്നതിനായി ബുധനാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച അധ്യാപകനെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.