കൽപ്പറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ 109 പേരുടെ മരണം സ്ഥിരീകരിച്ചു. വൈകുന്നേരം 5.30വരെയുള്ള കണക്കാണിത്. മേപ്പാടി ഹെല്‍ത്ത് സെന്‍ററിലുള്ള 63 മൃതദേഹങ്ങളിൽ 42 പേരെ ഇതുവരെ തിരിച്ചറിഞ്ഞു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ 41ഉം വിംസ് ആശുപത്രിയിൽ മൂന്നും ബത്തേരി താലൂക്ക് ആശുപത്രിയിൽ ഒന്നും മൃതദേഹങ്ങളാണുള്ളത്.
130ലേറെ പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വിംസ് ആശുപത്രിയില്‍ 91 പേരും മേപ്പാടി ഹെൽത്ത് സെന്ററിൽ 27 പേരും കല്‍പ്പറ്റ ഗവ. ആശുപത്രിയിൽ 13 പേരുമാണ് ചികിത്സയിലുള്ളത്. 98 പേരെ കാണാനില്ലെന്നാണ് വിവരം. ഇതുവരെ 51 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാട്ടിലെ ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിട്ടുണ്ട്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താൻ സംവിധാനമൊരുക്കി. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
ചൂരൽമലയിൽ മലവെള്ളപ്പാച്ചിലിൽ തകർന്ന റോഡിൽ ഹെലികോപ്ടർ ഇറക്കി സൈന്യം രക്ഷാപ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രാവിലെ മുതൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഹെലികോപ്ടറുകൾക്ക് ദുരന്തഭൂമിയിലേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വൈകീട്ടാണ് ചൂരൽമലയിൽ സാഹസികമായി കോപ്ടർ ഇറക്കിയത്. മുണ്ടക്കൈയിൽ കുടുങ്ങികിടക്കുന്നവരിൽ പരിക്കേറ്റവരെയാണ് സൈനിക സഹായത്തോടെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദുരന്തമുണ്ടായി 13 മണിക്കൂറുകൾക്കുശേഷമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യത്തിന് എത്തിച്ചേരാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.