കൊച്ചി: ആലുവയിൽ അന്തർസംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലത്തിന് (28) മരണം വരെ തൂക്ക് കയറും അഞ്ച് ജീവപര്യന്തവും ശിക്ഷ വിധിച്ച് കോടതി. അപൂർവങ്ങളിൽ അപൂർവമായ കുറ്റകൃത്യമായി കണക്കിലെടുത്താണ് എറണാകുളം അഡീഷനൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി കെ. സോമൻ പ്രതിക്ക് വധശിക്ഷക്ക് പുറമെ അഞ്ച് ജീവപര്യന്തം തടവും 49 വർഷം തടവും കൂടി വിധിച്ചത്. പോക്സോ നിയമം പ്രാബല്യത്തിൽ വന്ന് 11വർഷം തികയുന്ന ദിവസമായ ശിശുദിനത്തിലാണ് പെൺകുട്ടിയുടെ പീഡന-കൊലപാതക കേസിലെ ചരിത്രവിധി. പോക്സോ കേസിലെ പ്രതിക്ക് സംസ്ഥാനത്തെ ആദ്യ വധശിക്ഷ കൂടിയാണിത്.
49 വർഷത്തെ ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ച ശേഷം ജീവപര്യന്തം തടവ് ഓരോന്നായി തുടങ്ങണമെന്ന് കോടതി നിഷ്കർഷിച്ചു. ജീവപര്യന്തം തടവ് എന്നാൽ, ജീവിതാന്ത്യം വരെ ജയിലിൽ കഴിയണമെന്ന് ഉത്തരവിൽ എടുത്ത് പറയുന്നു. 16 വകുപ്പുകളിലായി ശിക്ഷ വിധിച്ച കോടതി 7.20 ലക്ഷം രൂപ പിഴ അടക്കാനും നിർദേശിച്ചു. പ്രതി പിഴ അടച്ചാൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. മാതാപിതാക്കൾക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയെയും ചുമതലപ്പെടുത്തി. കുറ്റകൃത്യം നടന്ന് 110 ാം ദിവസമാണ് ശിക്ഷാവിധി. രാവിലെ തിങ്ങിനിറഞ്ഞ കോടതി മുറിയിൽ ആദ്യ കേസായി പരിഗണിച്ചായിരുന്നു ശിക്ഷ പ്രഖ്യാപനം. പ്രതിയെ പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
ജൂലൈ 28ന് വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ബാലികയെ സമീപ കെട്ടിടത്തില്‍ താമസിച്ചിരുന്ന പ്രതി മധുരപാനീയം നല്‍കാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്. മദ്യം നല്‍കിയശേഷം ആലുവ മാര്‍ക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്തുവെച്ച് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് സമീപത്തെ ചതുപ്പിൽ തള്ളുകയായിരുന്നു.
30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി
ആലുവ: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയായത് അതിവേഗം. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസംകൊണ്ട് പൂർത്തിയായി. കുറ്റകൃത്യം നടന്ന് 99ാം ദിവസം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. 110ാം ദിവസം ശിക്ഷാവിധിയും വന്നു. ഒരുകേസിൽ ഇത്രയും വേഗം നടപടികള്‍ പൂര്‍ത്തിയാകുന്നത് അപൂര്‍വം. പെൺകുട്ടി ക്രൂരതക്ക് ഇരയായതിന് ദൃക്സാക്ഷികളില്ലാതിരുന്നിട്ടും ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ തൂക്കുകയറിലെത്തിച്ചത് അന്വേഷണ സംഘത്തിന്റെ മികവാണ്.
ജൂലൈ 28നാണ് നടുക്കമുണ്ടാക്കിയ സംഭവം. ബിഹാര്‍ സ്വദേശി അസ്ഫാക് ആലം അന്തർ സംസ്ഥാന തൊഴിലാളികളുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയത് അന്നാണ്. പിന്നാലെ കുട്ടിയെ ആലുവ മാര്‍ക്കറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 29ന് മൃതദേഹം കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ 28ന് രാത്രിതന്നെ പ്രതിയെ പിടികൂടിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് 30 ദിവസത്തിനകമാണ് എറണാകുളം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ (അട്രോസിറ്റി എഗെയ്ന്‍സ്റ്റ് വിമെന്‍ ആന്‍ഡ് ചില്‍ഡ്രന്‍) കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍ എന്നിവക്കുപുറമെ പോക്സോ മൂന്നുമുതല്‍ ആറുവരെ വകുപ്പുകളും ചേര്‍ത്തു. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചെരിപ്പ്, വസ്ത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 75 തൊണ്ടിവസ്തുക്കള്‍ തെളിവായി സമര്‍പ്പിച്ചു. ശക്തമായ സാഹചര്യ തെളിവുകൾ, സൈബര്‍-ഫോറന്‍സിക് തെളിവുകൾ, ഡോക്ടര്‍മാരുടെ റിപ്പോർട്ട്, 100 രേഖകൾ എന്നിവയും 645 പേജുള്ള കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരുന്നു.
നാടിനെ ഞെട്ടിപ്പിച്ച ആലുവ പീഡന-കൊലപാതക സംഭവത്തിൽ മണിക്കൂറുകൾക്കകം പ്രതിയെ കുടുക്കി അർഹിക്കുന്ന ശിക്ഷയിലേക്ക് നയിച്ചത് കേരള പൊലീസ് സംഘത്തിന്റെ മികവ്. അന്വേഷണ സംഘത്തിലുണ്ടായിരുന്നവർ: ആലുവ റൂറല്‍ ജില്ല പൊലീസ് മേധാവി വിവേക് കുമാര്‍, ഡിവൈ.എസ്.പി എ. പ്രസാദ്, ഇന്‍സ്പെക്ടര്‍മാരായ എം.എം. മഞ്ജു ദാസ്, ബേസില്‍ തോമസ്, എസ്.ഐമാരായ എസ്.എസ്. ശ്രീലാല്‍, പി.ടി. ലിജിമോള്‍, എം. അനീഷ്, ടി.വിപിന്‍, എസ്. ശിവപ്രസാദ്, സന്തോഷ്, പ്രസാദ്, ജി.എസ്. അരുണ്‍, രാജീവ്, ബഷീര്‍, നൗഷാദ്, ഇബ്രാഹിംകുട്ടി, എ.എസ്.ഐമാരായ എന്‍.കെ. ബിജു, എം.എ. ബിജു, ബോബി കുര്യാക്കോസ്, വി.ആര്. സുരേഷ്, എസ്.സി.പി.ഒമാരായ റോണി അഗസ്റ്റിന്, പി.ജെ. സ്വപ്ന, സിന്ധു, ഷിജ ജോര്‍ജ്, കെ.ബി. സജീവ്, നൗഫല്‍, സി.പി.ഒമാരായ അഫ്സല്, മാഹിന്‍ ഷാ അബൂബക്കര്‍, കെ.എം. മുഹമ്മദ് അമീര്‍, കെ.ആര്. രാഹുല്‍.
കേസിൽ 99 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ 43 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതു മുതല്‍ ആലുവ മാര്‍ക്കറ്റിലേക്ക് ബസില്‍ പോകുന്നതും മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് സമീപത്തേക്ക് പോകുന്നതുംവരെ നേരില്‍ കണ്ട സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു. ഒക്ടോബർ നാലിന് തുടങ്ങിയ വിചാരണ നടപടികൾ ദിവസങ്ങൾക്കുള്ളിലാണ് പൂർത്തിയാക്കിയത്. 95 രേഖകളും പെണ്‍കുട്ടിയുടെ വസ്ത്രവും ചെരിപ്പും ഉൾപ്പെടെ 10 തൊണ്ടിമുതലുകളും തെളിവായി കോടതിയില്‍ ഹാജരാക്കി. കുറ്റകൃത്യം നടന്ന് 100ാം ദിവസം അസ്ഫാഖ് ആലം കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. തുടർന്ന് ഇന്ന് കോടതി ശിക്ഷാ വിധി പറയുകയായിരുന്നു.
കേസിൽ പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി അന്വേഷണസംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും പോയിരുന്നു. യു.പിയിൽ അസ്ഫാഖ് ആലത്തിനെതിരെ നേരത്തേ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തുകയുണ്ടായി.
കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ കുഴിമാടത്തിലെത്തി പൂക്കളർപ്പിച്ച് മാതാപിതാക്കളും സഹോദരങ്ങളും. കീഴ്മാട് പൊതുശ്മാശനത്തിൽ ഇവർക്കൊപ്പം പഞ്ചായത്ത് പ്രതിനിധികളും ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രതിനിധികള്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
കൊച്ചി: സാക്ഷി മൊഴികൾ, രേഖകൾ, സാഹചര്യത്തെളിവുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയിലൂടെ കുട്ടിയോട് പ്രതി കാണിച്ച ക്രൂരത തെളിയുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതിയുടെ ക്രൂര മാനസികാവസ്ഥ സാഹചര്യങ്ങളിൽനിന്നും വസ്തുതകളിൽനിന്നും വ്യക്തമാണ്. കൊല നടത്തിയതിന് ദൃക്സാക്ഷികളില്ലെങ്കിലും പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതിനാവശ്യമായ ഘടകങ്ങൾ കേസിൽ പൂർണമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹിയിൽ സമാനമായ മറ്റൊരു കേസിൽ അസ്ഫാഖ് ആലം പ്രതിചേർക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്.
ആ കേസ് നിലനിൽക്കെയാണ് കേരളത്തിലേക്ക് വന്നത്. ഈ ക്രൂരകൃത്യം സമൂഹത്തിൽ അസ്വസ്ഥതയും ഭയവും സൃഷ്ടിച്ചിട്ടുണ്ട്. പ്രതിയെ വിട്ടയച്ചാൽ ജനിക്കാനിരിക്കുന്ന പെൺകുട്ടികൾക്ക് കൂടി ഭീഷണിയാകുമെന്നതടക്കം പ്രോസിക്യൂഷന്റെ വാദഗതികൾ പരിഗണിക്കുമ്പോൾ പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ കോടതി ചുമതല നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടുമെന്നും ജഡ്ജി കെ. സോമൻ നിരീക്ഷിച്ചു.
കൊച്ചി: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി വിധിച്ചത് സമീപ കാലത്തെ ഏറ്റവും ഉയർന്ന ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും തെളിഞ്ഞതോടെയാണ് വിവിധ വകുപ്പുകളിൽ വധശിക്ഷ അടക്കം വിധിച്ചത്. 16 വകുപ്പുകൾ തെളിഞ്ഞെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും കുറ്റകൃത്യങ്ങൾ ഒരുമിച്ച് വരുന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ അടക്കം 13 വകുപ്പുകൾക്കാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. കുറ്റവും ശിക്ഷയും ഇങ്ങനെ:.
ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം): വധശിക്ഷയും ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ്.
• ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (ജെ): / പ്രാപ്തിയില്ലാത്തവരെ ലൈംഗികമായി പീഡിപ്പിക്കൽ • ഇന്ത്യൻ ശിക്ഷാ നിയമം 377: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം
• പോക്സോ ആക്ട് 5 (ഐ): പീഡനത്തിനിടക്ക് ലൈംഗികാവയവങ്ങളിൽ പരിക്കേൽപിക്കൽ
• പോക്സോ ആക്ട് 5 (എൽ): ഒന്നിൽ കൂടുതൽ തവണ ബലാൽസംഗം
• പോക്സോ ആക്ട് 5 (എം): 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാൽസംഗം ചെയ്യൽ
അഞ്ച് ജീവപര്യന്തം തടവിനൊപ്പം ഒരു ലക്ഷം രൂപ വീതം പിഴയും പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ഒരു വർഷം വീതം അധിക തടവും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം തടവെന്നാൽ ജീവിതാന്ത്യം വരെ തടവാണെന്നും കോടതി പ്രത്യേകം വ്യക്തമാക്കി.
• ഇന്ത്യൻ ശിക്ഷ നിയമം 366 എ: പ്രായപൂർത്തിയാവാത്ത കുട്ടിയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോവുക
• ഇന്ത്യൻ ശിക്ഷാ നിയമം 364: കൊലപ്പെടുത്തുന്നതിനായി ഒരാളെ തട്ടിക്കൊണ്ടുപോകൽ
ഇന്ത്യൻ ശിക്ഷാ നിയമം 367: കഠിനമായി ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോകൽ
• ഇന്ത്യൻ ശിക്ഷാ നിയമം 328: കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ ദേഹോപദ്രവം ഏൽപിക്കൽ
• ഈ നാല് വകുപ്പുകളിലുമായി പത്ത് വർഷം വീതം 40 വർഷം തടവും ഓരോ വകുപ്പിലും 25,000 രൂപ വീതം പിഴയും. പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും ആറ് മാസം വീതം തടവും.
• ഇന്ത്യൻ ശിക്ഷാ നിയമം 297: മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന കുറ്റം- ഒരു വർഷം തടവ്
• ഇന്ത്യൻ ശിക്ഷാ നിയമം 201: തെളിവ് നശിപ്പിക്കൽ-അഞ്ച് വർഷം തടവും 10,000 രൂപ പിഴയും
• ജുവനൈൽ ജസ്റ്റിസ് ആക്ട് 77: മദ്യം നൽകൽ- മൂന്ന് വർഷം തടവും 10,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഓരോ വകുപ്പിലും മൂന്ന് മാസം വീതം അധിക തടവും.
തൃശൂർ: വധശിക്ഷക്ക് വിധിക്കപ്പെട്ട അസ്ഫാഖ് ആലമിനെ കോടതി നടപടികൾക്കുശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.45ഓടെ കനത്ത സുരക്ഷയിലായിരുന്നു എത്തിച്ചത്. ആരോഗ്യപരിശോധനക്കു ശേഷം നാലുമണിയോടെ കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന ഡി ബ്ലോക്കിലെ സെല്ലിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.