പൂക്കോട്: വെറ്ററിനറി സർവകലാശാല കമ്പസിൽ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥി തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ധാർഥ് (20) ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭത്തിൽ എസ്.എഫ്.ഐ നേതാക്കളും കോളജ് ചെയർമാനും പ്രതികളായതിന് പുറമെ കോളജ് അധികൃതരുടെ ഭാഗത്തും വീഴ്ച ഉണ്ടായെന്നാണ് ആരോപണം. ഈ മാസം 18നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും കോളജ് യൂനിയൻ പ്രസിഡന്റും അടക്കം 12 വിദ്യാർഥികളെ ദിവസങ്ങൾക്കുശേഷം സസ്പെൻഡ് ചെയ്തിരുന്നു. കൂടുതൽ പ്രതിഷേധം ഉയർന്നതോടെ ഇവരെ പ്രതികളാക്കി പിന്നീട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോളജ് യൂനിയൻ പ്രസിഡന്റ് കെ. അരുൺ, യൂനിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുൾപ്പെടെയുള്ളവരാണ് പ്രതികൾ. ബുധനാഴ്ച ആറുപേരെ അറസ്റ്റ് ചെയ്തതോടെ ഇവരേയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരെ 10 ദിവസം കഴിഞ്ഞിട്ടും അറസ്റ്റു ചെയ്യാനായിട്ടില്ല.
മരിച്ച വിദ്യാർഥിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ക്രൂരപീഡത്തിനിരയായാണ് സിദ്ധാർഥ് മരിച്ചതെന്ന് പുറംലോകം അറിയുന്നത്. രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള നിരവധി മുറിവുകൾ സിദ്ധാർഥിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. വടികൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. കഴുത്തിലെ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മാതാവ് ഷീബ മുഖ്യമന്ത്രി, എ.ഡി.ജി.പി തുടങ്ങിയവർക്കും ചാൻസലർ കൂടിയായ ഗവർണർക്ക് പിതാവും പരാതി നൽകിയിരുന്നു. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥിനെ വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചതായും പരസ്യവിചാരണ നടത്തിയതായും ഇതേത്തുടർന്നാണു സിദ്ധാർഥിന്റെ മരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം. നൂറോളം വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കി അടിച്ചു. ബെൽറ്റ് കൊണ്ടും പലവട്ടം അടിച്ചു. മൂന്നുദിവസം ഭക്ഷണമോ വെള്ളമോ നൽകിയില്ല തുടങ്ങിയ ആരോപണങ്ങളും മാതാവ് ഉയർത്തുന്നുണ്ട്. ആരോപണത്തിന് ആക്കം കൂട്ടുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതോടൊപ്പം സി.പി.എം പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഗവർണക്ക് നൽകിയ പരാതിയിലുണ്ട്.സംഭവത്തിൽ കോളജ് അധികൃതർക്കും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവമറിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ മൂടിവെക്കാനാണ് അധികൃതർ ശ്രമിച്ചതെന്നും സാധാരണ തൂങ്ങിമരണമാക്കാൻ ശ്രമിച്ചെന്നും സിദ്ധാർഥിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളോട് കുടുംബാംഗങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും പരാതിയുണ്ട്.
അതേസമയം, പ്രധാന പ്രതികളെ ഇത്ര ദിവസമായിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. 24ന് വൈകീട്ടുവരെ പ്രതികളിൽ ഭൂരിഭാഗവും കാമ്പസിലുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് വിദ്യാർഥികൾ പറയുന്നു. പ്രതികളെ സംരക്ഷിക്കാൻ കോളജ് അധികൃതരും പൊലീസും ഇടപെടൽ നടത്തുന്നതായി തുടക്കത്തിൽതന്നെ ആക്ഷേപം ഉയർന്നിരുന്നു. പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നാണ് വിദ്യാർഥികളുടെ പരാതി.
വൈത്തിരി: സിദ്ധാർഥിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ജില്ല പ്രസിഡന്റ് അമൽ ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് അധ്യക്ഷത വഹിച്ചു.
കൊലപാതകികളെ സംരക്ഷിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നതെങ്കിൽ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ജില്ല വൈസ് പ്രസിഡന്റ് കെ. നിത, കെ.എസ്.യു ജില്ല പ്രസിഡന്റ് ഗൗതം ഗോകുൽദാസ്, ജിനു കോളിയാടി, ജോതിഷ് കുമാർ, ആൽഫിൻ അമ്പാറയിൽ, വി.സി. വിനീഷ്, ആഷിക്ക് വൈത്തിരി, വിഷ്ണു മേപ്പാടി, ആഷിർ വെങ്ങപ്പള്ളി, റിഷാദ് പെഴുതന, അനീഷ് വൈത്തിരി, ഇ.കെ. ഷഹീർ, ആനന്ദ് ജോസ് എന്നിവർ നേതൃത്വം നൽകി.
കൽപറ്റ: സിദ്ധാർഥിന്റെ മരണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് കെ.പി.സി.സി സംസ്കാര സാഹിതി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.
ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, സലീം താഴത്തൂർ, ഒ.ജെ. മാത്യു, കെ.കെ. രാജേന്ദ്രൻ, കെ. പത്മനാഭൻ, എബ്രഹാം കെ. മാത്യു, പി. വിനോദ് കുമാർ, വിനോദ് തോട്ടത്തിൽ, സന്ധ്യ ലിഷു, ഡോ. സീനതോമസ്, സി.എസ്. പ്രഭാകരൻ, വയനാട് സക്കറിയാസ്, ബാബു പിണ്ടിപ്പുഴ, വി.ജെ. പ്രകാശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.