തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസവകുപ്പിനെ മുൻകൂട്ടി അറിയിക്കാതെ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് അപ്രതീക്ഷിതമായി സ്കൂൾ തുറക്കാനുള്ള തീരുമാനം വരുന്നത്. ഇതിനെക്കുറിച്ച് പ്രതികരണം തേടിയപ്പോൾ വിദ്യാഭ്യാസമന്ത്രി ഉൾപ്പെടെയുള്ളവർക്ക് തീരുമാനം അറിയില്ലായിരുന്നു. മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവന്നതിന് പിന്നാലെ അവലോകനയോഗത്തിലെ തീരുമാനം മുഖ്യമന്ത്രിയുടെ ഒാഫിസ് വാർത്താക്കുറിപ്പായി പ്രസിദ്ധീകരിച്ചപ്പോഴാണ് ബന്ധപ്പെട്ട വകുപ്പിന് ഇക്കാര്യം സ്ഥിരീകരിക്കാനായത്.
സ്കൂൾ തുറക്കുന്നതിെൻറ സാധ്യതകൾ ആരായുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് സമിതിയിലെ വിദഗ്ധരുമായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ഡയറക്ടറും പ്രാഥമിക ചർച്ച നടത്തിയിരുന്നു. കുട്ടികളിലെ രോഗവ്യാപന സാധ്യത, സെറോ പ്രിവലൻസ് സർവേ തുടങ്ങിയ വിശദാംശങ്ങൾ വിദ്യാഭ്യാസവകുപ്പ് തേടിയിരുന്നു. എന്നാൽ, ഇത് നൽകാൻ കോവിഡ് സമിതിക്ക് സാധിച്ചിരുന്നില്ല. ഇത്തരമൊരു സ്ഥിതിവിവരക്കണക്ക് ലഭ്യമാകുന്ന മുറക്ക് അതനുസരിച്ച് സ്കൂൾ തുറക്കുന്നതിനുള്ള പദ്ധതി തയാറാക്കാമെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിെൻറ നിലപാട്.
തിയതി ഉൾപ്പെടെ കാര്യങ്ങളിലൊന്നും ചർച്ച നടത്താതെയാണ് േയാഗം പിരിഞ്ഞത്. വകുപ്പുമായി കൂടുതൽ ആലോചനകളൊന്നുമില്ലാതെ അവലോകനയോഗത്തിൽ സ്കൂൾ തുറക്കാനുള്ള തീരുമാനം വന്നേപ്പാൾ മന്ത്രി ഉൾപ്പെയെുള്ളവർക്ക് ഇത് വിശദീകരിക്കാനുമായില്ല. തിയതി സംബന്ധിച്ച് കൂടിയാലോചനയില്ലാതെ തീരുമാനമെടുത്തതിൽ വിദ്യാഭ്യാസവകുപ്പിൽ അതൃപ്തിയുണ്ട്. പ്ലസ് വൺ പരീക്ഷ സുപ്രീംകോടതി നിർദേശപ്രകാരം നടത്താനുള്ള ക്രമീകരണങ്ങൾ ഉൾപ്പെടെ ആലോചിക്കുന്നതിനിടെയാണ് അപ്രതീക്ഷിത തീരുമാനം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.