കോട്ടയം: ജാതി വിവേചനത്തിനെതിരെ നടത്തിയ അഭിമാനപോരാട്ടത്തിനുശേഷം ദലിത് വിദ്യാർഥിനി ദീപ പി. മോഹനൻ എം.ജി സർവകലാശാലയിൽ ഗവേഷണപഠനം പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ സർവകലാശാല ആസ്ഥാനത്ത് അമ്മ കെ.പി. സാംബവിക്കൊപ്പമാണ് ദീപ എത്തിയത്. ഭീം ആർമി നേതാക്കളും കൂടെയുണ്ടായിരുന്നു. സർവകലാശാല കവാടത്തിന് മുന്നിൽ വിവിധ ദലിത് സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കും സംഭാഷണത്തിനും ശേഷം രജിസ്ട്രാറെ കണ്ടു. ഗൈഡ് ഡോ. ഇ.കെ. രാധാകൃഷ്ണനും കോഗൈഡ് വൈസ് ചാൻസലർ സാബു തോമസും അവധിയായിരുന്നു. സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ ഒന്നാം നിലയിലാണ് ദീപക്ക് ഇരിപ്പിടം ഒരുക്കിയത്. ലൈബ്രറി സൗകര്യം ലഭിക്കുന്നതിന് രജിസ്ട്രാർക്ക് കത്ത് നൽകുകയും ഹോസ്റ്റൽ പ്രവേശനം നേടുകയും ചെയ്തു. ദലിത് പ്രവർത്തകരും സംഘടന പ്രതിനിധികളും ദീപക്ക് ആശംസയറിയിച്ച് സർവകലാശാലയിൽ എത്തിയിരുന്നു.
ജാതീയമായി അവേഹളിക്കുകയും 10 വർഷം ഗവേഷണം തടസ്സപ്പെടുത്തുകയും ചെയ്ത നാനോ സെൻറർ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ദീപ നിരാഹാരം നടത്തിയത്. 11 ദിവസത്തെ നിരാഹാരത്തിനൊടുവിൽ സർവകലാശാല അധികൃതർ ദീപയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. ഗവേഷണകാലാവധി നാലുവർഷത്തേക്കു നീട്ടിനൽകിയിട്ടുമുണ്ട്. റിസർചുമായി ബന്ധപ്പെട്ട ഇൻറർനാഷനൽ ജേണൽ പേപ്പർ വായനക്കും റിവ്യൂ പേപ്പർ തയാറാക്കാനും ആദ്യ ഒരു മാസം മാറ്റിെവക്കാനാണ് ദീപയുടെ തീരുമാനം. മെറ്റീരിയൽസ് ലഭിച്ചശേഷം ലാബ് വർക്ക് തുടങ്ങും. ഈ സമയത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുക്കണം. നിരാഹാരം കിടന്നതിനെ തുടർന്നുള്ള ശാരീരികാവശതകളുണ്ടെന്നും ദീപ പറഞ്ഞു. ഭീം ആർമി സംസ്ഥാന ജനറൽ സെക്രട്ടറി പ്രൈസ് കണ്ണൂർ, കോട്ടയം ജില്ല പ്രസിഡൻറ് ശരവണൻ, ശരവണെൻറ മാതാവ് ഓമന രാജൻ തുടങ്ങിയവരും ദീപക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.