കോഴിക്കോട്: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് അടച്ച് സി.പി.എം സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ പരാമർശത്തെ വിമർശിച്ച് ദീപിക മുഖപ്രസംഗം. രാഷ്ട്രീയക്കാരന്റെ മേലങ്കി ചിലരൊക്കെ അലങ്കാരത്തിന് ധരിക്കുന്നതാകാമെന്നും ആ മേലങ്കി അഹങ്കാരത്തിന് കാരണമായാൽ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയിൽ വേദി കെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണെന്നും നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസിൽ തപ്പിത്തടയുകയാണെന്ന് പറയേണ്ടി വരും.
കാറുള്ളവർ കാറിൽ പോകുന്നതു പോലെ പാവങ്ങൾക്കു ജാഥ നടത്താനും അനുവാദം വേണമെന്ന് പറഞ്ഞ വിജയരാഘവൻ അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞു പോകുന്ന സെൽഫ് ഗോൾ തന്നെയാണ് പാർട്ടിയുടെ ഗോൾപോസ്റ്റിൽ അടിച്ചു കയറ്റിയിരിക്കുന്നത്.
പാവങ്ങളുടെ പാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പാർട്ടിയിൽ കാറില്ലാത്ത എത്ര നേതാക്കളുണ്ട്? കുന്നംകുളത്തെ സമ്മേളനത്തിൽ പ്രസംഗിക്കാൻ സഖാവ് വിജയരാഘവൻ നടന്നാണോ വന്നത്? നിങ്ങൾക്ക് വഴിയിൽ വേദി കെട്ടി പ്രസംഗിക്കണമെന്നതു കൊണ്ട് ഇവരൊക്കെ കാറെടുത്തു തലയിൽ വച്ചുകൊണ്ട് നടന്നു പോകണമെന്നാണോ സഖാവ് ഉപദേശിക്കുന്നത്?
അധികാരത്തിന്റെ ചെങ്കോൽ നിങ്ങൾക്ക് ജനങ്ങൾ സമ്മാനിക്കുന്നതാണ്. അതിനു പാർട്ടിയുടെ നിറം പൂശിയാൽ ഏത് നടുറോഡിലും നാട്ടാമെന്ന് കരുതുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുഖപ്രസംഗം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.