കൈക്ക് പരിക്കേറ്റ സംഭവം: അപകീർത്തികരമായ പ്രചാരണം നടത്തിയവർക്കെതിരെ കെ.കെ. രമ എം.എൽ.എ മാനഷ്ടകേസിന്

കോഴിക്കോട്: നിയമസഭ സംഘർഷത്തിൽ കൈക്ക് പരിക്കേറ്റ കെ.കെ രമ എം.എൽ.എയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സാമൂഹ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ കെ.കെ. രമ എം.എൽ.എ മാനനഷ്ട കേസ് നൽകുന്നു. ഇതി​െൻറ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ദേശാഭിമാനി പത്രം, സച്ചിൻ ദേവ് എം.എൽ.എ എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.

നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്. അഡ്വ. പി.കുമാരൻകുട്ടി മുഖേനയാണ് നോട്ടീസ് അയച്ചത്.

സാമൂഹിക മാധ്യമങ്ങളിലൂടെ രമയുടെതാണെന്ന് പറഞ്ഞുകൊണ്ട് വ്യാജ എക്സറെയും പ്ലാസ്റ്ററിട്ടത് വെറും നാടകമാണെന്നും പ്രചാരണം നടന്നിരുന്നു. പ്രധാനമായും സൈബറിടങ്ങളിലെ സി.പി.എം അനുകൂല അക്കൗണ്ടുകളിൽ നിന്നാണ് എം.എൽ.എയെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകളും മറ്റുമുണ്ടായത്.

ഇതിനിടെ, കൈക്ക് പരിക്കേറ്റ സാഹചര്യത്തിൽ കെ.കെ.രമ എം.എൽ.എയ്ക്ക് ഡോക്ടർമാർ എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിരിക്കുകയാണ്. മാർച്ച് 29നാണ് ഇത്തരമൊരു നിർദേശം ഡോക്ടർമാരുടെ ഭാഗത്ത് നിന്നുണ്ടായത്. വലതു കൈയിന്റെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ടെന്ന് എം.ആർ.ഐ സ്‌കാനിങ്ങിൽ കണ്ടെത്തിയിരുന്നു. നിയമസഭയിൽ സ്പീക്കറുടെ ഓഫിസ് ഉപരോധത്തിനിടെയാണ് രമയ്ക്ക് പരിക്കേറ്റത്. 

Tags:    
News Summary - Defamatory propaganda; K.K. Rema MLA defamation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.