കോഴിക്കോട്: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ ഡൽഹിയിൽ വെടിയേറ്റു മരിച്ചതിൽ ദുരൂഹതയുള്ളതായി ബന്ധുക്കളും നാട്ടുകാരും. ഡൽഹി പൊലീസിലെ വികാസ്പുരി മൂന്നാം ബറ്റാലിയനിലെ എ.എസ്.ഐ പൂനത്ത് തോട്ടോളിപ്പൊയിൽ ടി.പി. അനിരുദ്ധനാണ് വെടിയേറ്റു മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ അതിസുരക്ഷാപ്രാധാന്യമുള്ള ചാണക്യപുരിയിലാണ് മൃതേദഹം കണ്ടത്.
സ്വയം വെടിെവച്ചു മരിച്ചു എന്നായിരുന്നു ബന്ധുക്കൾക്ക് ലഭിച്ച ആദ്യ വിവരം. എന്നാൽ, മൃതദേഹത്തിൽ രണ്ടിടത്ത് വെടിയേറ്റതാണ് ദുരൂഹത വർധിപ്പിക്കുന്നത്. വെടിയേറ്റ് തല പൊട്ടിച്ചിതറിയ നിലയിലാണ്. ഒരു വെടിയുണ്ട ശരീരം തുളച്ചു പുറത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിക്കു പിന്നിലെ സെക്യൂരിറ്റി ലൈനിന് സമീപത്തെ കുറ്റിക്കാട്ടിനടുത്താണ് മൃതദേഹം കണ്ടത്. അതിസുരക്ഷാ മേഖലയായ ഇവിടെ പൊലീസുകാർക്കു മാത്രമാണ് പ്രവേശനം. അനിരുദ്ധൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ശക്തമായ ആരോപണം. മൃതദേഹത്തിെൻറ നെഞ്ചിലും മുഖത്തും നെറ്റിയിലും മുറിവേറ്റ പാടുകളുണ്ട്. കാൽമുട്ടുകൾ ഉരഞ്ഞു പൊട്ടിയിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പിച്ചശേഷം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയതാകാമെന്നാണ് ബന്ധുക്കളുടെ സംശയം.
വ്യാഴാഴ്ച വൈകീട്ട് കൂട്ടുകാരനെ കാണാൻ വേണ്ടിയാണ് അനിരുദ്ധൻ പൊലീസ് കോളനിയിലെ വീട്ടിൽനിന്ന് ഇറങ്ങിയത്. രാത്രി എട്ടു മണിയാവുമ്പോഴേക്കും തിരിച്ചെത്തുമെന്ന് പറയുകയും ചെയ്തു.
സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് രാത്രി ഒന്നര വരെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നീട് വിളിച്ചപ്പോൾ ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതേ ഫോണിൽനിന്നാണ് വെള്ളിയാഴ്ച രാവിലെ ഏഴോടെ മരിച്ച വിവരം പൊലീസുകാർ അറിയിച്ചതെന്നും ഭാര്യ ശശികല പറഞ്ഞു. അനിരുദ്ധന് അനുവദിച്ച പിസ്റ്റളിൽനിന്നല്ല വെടിയേറ്റെതന്ന് പൊലീസ് സ്ഥിരീകരിച്ചതായി അറിയുന്നു. ഒന്നരമാസം മുമ്പാണ് ഇദ്ദേഹം നാട്ടിലെത്തി മടങ്ങിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ബന്ധുക്കൾ പരാതി നൽകി. നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. അന്വേഷണം ശക്തമാക്കണമെന്ന് സി.പി.എം ബാലുശ്ശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.