തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ കോവിഡ് കേസുകൾ കൂടുന്നതിന് കാരണം ഒമിക്രോൺ അല്ലെന്നും ഡെൽറ്റ വകഭേദം തന്നെയെന്നും ആരോഗ്യമന്ത്രി. ഇതുവരെ സംസ്ഥാനത്ത് ഒമിക്രോൺ ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആകെ 345 ഒമിക്രോൺ കേസുകളിൽ 155ഉം രോഗമുക്തി നേടി. രണ്ടുതരം വകഭേദങ്ങൾക്കെതിരെയാണ് ആരോഗ്യവകുപ്പിന്റെ പ്രതിരോധ ദൗത്യം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 20-40 പ്രായപരിധിയിലുള്ളവർക്കാണ് കോവിഡ് ബാധയേറെയും. പൊതുഇടങ്ങളിലെ സമ്പർക്കമാണ് കാരണം. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വിശേഷിച്ചും. സ്കൂൾ ക്ലസ്റ്ററുകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇക്കാര്യം നിരീക്ഷിക്കുന്നുണ്ടെങ്കിലും സ്കൂളുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല.
ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ഉയർന്നിട്ടില്ല. അതേസമയം, കോവിഡ് കേസുകൾ എല്ലാ ജില്ലയിലും ഗണ്യമായി കൂടുന്നുണ്ട്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനമാണ് വർധന. ഇതിനെ ഗൗരവത്തോടെയാണ് കാണുന്നത്. കേന്ദ്ര നിർദേശപ്രകാരം ലക്ഷണമുള്ളവരെയെല്ലാം പരിശോധിക്കും. വീട്ടുചികിത്സ ശക്തിപ്പെടുത്തും.
അത്യാവശ്യ യോഗങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകാൻ ഫീൽഡ് ഓഫിസർമാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
343 പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 231 ഉം ലോ റിസ്ക് രാജ്യങ്ങളിൽനിന്നുള്ളവരാണ്. 34 പേർ സമ്പർക്ക ബാധിതരാണ്. രണ്ടുപേർ തമിഴ്നാട് സ്വദേശികളാണ്. കണ്ണൂർ, പാലക്കാട് ജില്ലകളിലെ രണ്ടുപേരുടെ ഉറവിടം വ്യക്തമല്ല. ഇവർക്ക് യാത്ര പശ്ചാത്തലവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.