കൽപറ്റ: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന ആവശ്യം തള്ളി.
ഇതോടെ ശബ്ദ പരിശോധന സംസ്ഥാന സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യം ഉന്നയിച്ച് അഭിഭാഷകൻ മുഖേന, സുരേന്ദ്രൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയാണ് തള്ളിയത്.
കോടതി ഉത്തരവിനെ തുടർന്ന് ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പ്ൾ നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാംഞ്ച് നൽകിയ ഹരജിയെ തുടർന്നായിരുന്നു ഉത്തരവ്. ശബ്ദ സാമ്പ്ൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടിയാണ് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.
എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയിൽ ഹരജി നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകാൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.