മൂന്നാർ: മൂന്നാറിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാനും വ്യാജപട്ടയങ്ങൾ റദ്ദാക്കാനും ശിപാർശ ചെയ്ത് നിയമസഭ സമിതി സർക്കാറിനു സമർപ്പിച്ച റിപ്പോർട്ട് മൂന്നാറിെൻറ പച്ചപ്പിനു നിലനിർത്താൻ പ്രതീക്ഷയേകുന്നു. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ട് കൈയേറ്റക്കാർക്ക് കൂച്ചുവിലങ്ങാകുമെന്നാണ് വിലയിരുത്തൽ. റിപ്പോർട്ട് നടപ്പായാൽ അനധികൃതമായി നിർമിച്ച അഞ്ഞൂറിലധികം കെട്ടിടങ്ങളെങ്കിലും പൊളിക്കേണ്ടിവരും.
മൂന്നാറിെൻറ തനത് കാലാവസ്ഥക്കും ജൈവവ്യവസ്ഥക്കും തുരങ്കംവെക്കുന്ന നടപടികളാണ് കഴിഞ്ഞ 15 വർഷമായി തുടരുന്നത്. കൈയേറ്റങ്ങൾക്കെതിരെ ഇടക്കാലത്ത് തുടങ്ങിവെച്ച നടപടികൾ രാഷ്ട്രീയ സമർദത്തെ തുടർന്ന് നിലച്ചിരുന്നു. ഇതോടെ, നിയമം കാറ്റിൽപറത്തി മരങ്ങൾ വെട്ടിയും മലകൾ ഇടിച്ചുനിരത്തിയും റിയൽ എസ്റ്റേറ്റ് മാഫിയ മൂന്നാറിൽ തഴച്ചുവളർന്നു. ഉദ്യോഗസ്ഥ^-രാഷ്ട്രീയ കൂട്ടുകെട്ടുകൂടിയായപ്പോൾ മൂന്നാറിെൻറ പച്ചപ്പ് വീണ്ടെടുക്കാനാകാത്തവിധം നഷ്ടമായി.
മലയിടിച്ചും മണ്ണെടുത്തുമുള്ള നിർമാണങ്ങൾക്ക് കലക്ടറുടെ എൻ.ഒ.സി വേണമെന്ന ഉത്തരവ് കടലാസ് രേഖയായതോടെ കോൺക്രീറ്റ് കെട്ടിടങ്ങൾ പെരുകി. കൈയേറ്റം ഒഴിപ്പിക്കാനും അനധികൃത നിർമാണങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കാനും യു.ഡി.എഫ് സർക്കാർ മൂന്നാറിൽ പ്രത്യേക സംഘത്തിനു രൂപം നൽകിയെങ്കിലും പ്രവർത്തനം പ്രഹസനമായി. ദൗത്യസംഘത്തിെൻറ നേതൃത്വത്തിൽ ഷെഡുകൾ പൊളിച്ചുനീക്കുന്ന നടപടി മാത്രമാണ് നടക്കുന്നത്.
മൂന്നാർ ടൗണിലെ അനധികൃത കെട്ടിടം പൊളിച്ചുനീക്കുകയും ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴ് വില്ലേജുകളിലെ കെട്ടിട നിർമാണങ്ങൾക്ക് കൂച്ചുവിലങ്ങിടുകയും ചെയ്ത ദേവികുളം മുൻ ആർ.ഡി.ഒ സബിൻ സമീദിനെ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് സ്ഥലം മാറ്റി. വട്ടവടയടക്കം സർക്കാർ ഭൂമികളിൽ നിർമാണങ്ങൾ നിർത്തിവെച്ച ഇപ്പോഴത്തെ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെയും രാഷ്ട്രീയ പടയൊരുക്കമുണ്ട്.
റിപ്പോർട്ട് സ്വാഗതാർഹം, കോവളം കൊട്ടാരവും സംരക്ഷിക്കണം –വി.എസ്
മൂന്നാറില്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമെന്നും കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നുമുള്ള നിയമസഭസമിതി ശിപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ നവംബര്‍ 14ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ൈകയേറ്റങ്ങള്ക്കും
പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന നിർമാണപ്രവര്ത്തനങ്ങള്ക്കുമെതിരെ കര്‍ശന നടപടികളെടുത്തില്ലെങ്കില്‍ വരുന്ന തലമുറക്ക് ഈ നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയുണ്ടാവും. കൊച്ചിയിലെ ഡി.എൽ.എഫ് ഫ്ളാറ്റ് സമുച്ചയം നടത്തിയ പരിസ്ഥിതി നിയമലംഘനം പിഴയൊടുക്കി െറഗുലറൈസ് ചെയ്യാനിടയാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് താന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലായിരുന്നു. കോവളം കൊട്ടാരം സ്വകാര്യവ്യക്തികള്‍ക്ക് വിട്ടുനല്കാതിരിക്കാന് സിവില്‍ കേസ് ഫയല്‍ ചെയ്യണമെന്ന നിയമോപദേശം സർക്കാറിെൻറ െകെവശമുണ്ട്. കോവളം കൊട്ടാരം സംരക്ഷിക്കാൻ നടപടി വേണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.