കൊച്ചി: നോട്ട് നിരോധനത്തിെൻറ ആഘാതം കുറക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇളവ് നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ചവരുത്തിയതിലൂടെ ഖജനാവിന് നഷ്ടമായത് കോടികളുടെ വരുമാനം. വസ്തു രജിസ്ട്രേഷൻ ഇനത്തിൽ ലഭിക്കേണ്ട വരുമാനമാണ് സർക്കാറിെൻറ പിടിപ്പുകേട് മൂലം നഷ്ടമായത്.
2016 നവംബർ എട്ടിനാണ് അഞ്ഞൂറിെൻറയും ആയിരത്തിെൻറയും നോട്ടുകൾ പിൻവലിച്ച് കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, പിൻവലിച്ച നോട്ടുകൾ ഉപയോഗിച്ച് നവംബർ 24 വരെ കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും വിവിധ ഫീസുകൾ, നികുതികൾ, നികുതി കുടിശ്ശിക, പിഴകൾ, വെള്ളക്കരം, വൈദ്യുതി ബിൽ എന്നിവ അടക്കാമെന്ന് കാണിച്ച് നവംബർ പത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കേന്ദ്രം പ്രഖ്യാപിച്ച ഇളവ് സംസ്ഥാനത്ത് നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്കും പ്രഖ്യാപിച്ചു. കെ.എസ്.ആർ.ടി.സിയുടെ സീസൺ ടിക്കറ്റുകൾ റീച്ചാർജ് ചെയ്യാൻ അസാധു നോട്ടുകൾ ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചിരുന്നു.
എന്നാൽ, കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും ബി.എസ്.എൻ.എല്ലും കേന്ദ്ര സർക്കാർ ഉത്തരവിെൻറ ആനുകൂല്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയെങ്കിലും രജിസ്ട്രേഷൻ വകുപ്പിന് സർക്കാർ ഇതിന് അനുവാദം നൽകിയില്ല. ഉത്തരവ് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയോ ധനമന്ത്രിയോ നിർദേശം നൽകിയിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് ധനകാര്യവകുപ്പ് നൽകിയ മറുപടി. അസാധു നോട്ട് ഉപയോഗിക്കാൻ അനുവാദം നൽകി ധനകാര്യ വകുപ്പും നികുതി വകുപ്പും ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിൽ അണ്ടർ വാല്യൂവേഷൻ ഉൾപ്പെട്ട ആധാരങ്ങളുടെ പിഴയിനത്തിലും നികുതിയിനത്തിലും സർക്കാറിന് കോടിക്കണക്കിന് രൂപ ലഭിക്കുമായിരുന്നു.
നോട്ട് നിരോധനം വരുന്നതുവരെ രജിസ്ട്രേഷൻ വകുപ്പിെൻറ ശരാശരി പ്രതിദിന വരുമാനം 9.40 കോടിയായിരുന്നു. എന്നാൽ, 2016 നവംബർ ഒമ്പത് മുതലുള്ള ദിവസങ്ങളിൽ ഇത് ശരാശരി 3.96 കോടിയായി കുറഞ്ഞതായും അഡ്വ. ഡി.ബി. ബിനുവിന് ലഭിച്ച വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പ്രതിദിനം രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ ശരാശരി എണ്ണം 2634 ആയിരുന്നത് 1400 ആയും കുറഞ്ഞു. നോട്ട് നിരോധനത്തിെൻറ പ്രത്യാഘാതത്തിൽനിന്ന് ഏറെ ആശ്വാസം നൽകുമായിരുന്ന ഉത്തരവ് ഇതരസംസ്ഥാനങ്ങൾ ഫലപ്രദമായി നടപ്പാക്കിയപ്പോഴാണ് കേരളം കുറ്റകരമായ വീഴ്ച വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.