കൊച്ചി: ക്രിമിനൽ കേസിൽ ഇരയായ പെൺകുട്ടിയെ വൈദ്യ പരിശോധന നടത്താൻ വിസമ്മതിച്ചെന്ന കേസിലെ പ്രതിയായ ഡോക്ടർക്കും പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുമെതിരെ വകുപ്പുതല അന്വേഷണം നടത്തണമെന്ന് ഹൈകോടതി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നയാൾക്കെതിരെ കർശന തുടർനടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. പെൺകുട്ടിയെ വേണ്ടവിധം പരിശോധിച്ചില്ലെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നും ആരോപിച്ച് പൊലീസ് നൽകിയ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോ. ബീന ബാഹുലേയനെതിരെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസ് റദ്ദാക്കിയാണ് ഈ നിർദേശം.
2016ൽ 17കാരിയായ സഹോദരിയെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയിൽ ചേവായൂർ പൊലീസ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടിയെ പിന്നീട് കണ്ടെത്തിയതിനെത്തുടർന്ന് വൈദ്യപരിശോധനക്ക് സന്ധ്യയോടെ മെഡിക്കൽ കോളജിലെത്തിച്ച് ഡോ. ബീന ബാഹുലേയനെ കാണിച്ചു. എന്നാൽ, വേണ്ടവിധം പരിശോധിക്കാതെ ഡോക്ടർ പെൺകുട്ടിയെയും അമ്മയെയും പൊലീസ് ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയില്ലെന്നുമാണ് പരാതി.
അർധരാത്രിയോടെ മറ്റൊരു ഡോക്ടറാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നും സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ബിജുവിനുവേണ്ടി പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ, താൻ അടിയന്തര ശസ്ത്രക്രിയ നടത്തുമ്പോഴാണ് പൊലീസ് പെൺകുട്ടിയുമായി എത്തിയതെന്നും തുടർന്ന് പരിശോധന നടത്തി സർട്ടിഫിക്കറ്റ് എഴുതിവെച്ചെന്നുമാണ് ഡോക്ടറുടെ വാദം. ഇതിനിടെ, ഓപറേഷൻ തിയറ്ററിൽനിന്ന് വിളിച്ചതോടെ സർട്ടിഫിക്കറ്റിൽ ഓഫിസ് മുദ്ര പതിപ്പിക്കാൻ പൊലീസിനോട് നിർദേശിച്ചെന്നും അവർ പറഞ്ഞു. വീട്ടിലെത്തിയശേഷം രാത്രി വൈകിയാണ് പൊലീസ് തിരിച്ചെത്തിയ വിവരം അറിഞ്ഞതെന്നും സ്വയം വാഹനമോടിച്ച് ആശുപത്രിയിലെത്തി മെഡിക്കൽ സർട്ടിഫിക്കറ്റ് കൈമാറിയെന്നും വിശദീകരിച്ചു. ഇത് തെളിയിക്കാനായി ചില രേഖകളും ഹാജരാക്കി. രേഖകൾ പരിശോധിച്ച കോടതി സാങ്കേതിക കാരണങ്ങളാൽ കേസ് റദ്ദാക്കുന്നതായി വ്യക്തമാക്കിയാണ് വകുപ്പുതല അന്വേഷണത്തിന് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.