തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനമടക്കം ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളിൽനിന്നും ഒഴിയുകയാണെന്ന് കവി കെ. സച്ചിദാനന്ദൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിവരം പങ്കുവെച്ചത്.
വിവിധ സംഘടനകളുടെ സംഘാടകൻ, പ്രസാധനാലയങ്ങളുടെ എഡിറ്റിങ് എന്നിവയിൽ നിന്നെല്ലാം മാറിനിൽക്കുകയാണെന്നായിരുന്നു പോസ്റ്റിലൂടെ അറിയിച്ചത്. എന്നാൽ, അധികം വൈകാതെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽനിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി.
‘തനിക്കിനി ഭൂമിയിൽ വളരെ കുറച്ചു സമയമേയുള്ളൂ. മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു. ലാപ്ടോപ്പിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്. ഞാൻ സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി വിവിധ പ്രസാധകർ എന്നെ ഏൽപിച്ചിരിക്കുന്ന എല്ലാ എഡിറ്റിങ് ജോലികളിൽനിന്നും ഒഴിയുന്നു’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ ഇംഗ്ലീഷിൽ കുറിച്ചത്. ഇത് അൽപസമയത്തിനകംതന്നെ നീക്കം ചെയ്തു.
അടുത്തിടെ, തനിക്ക് താൽക്കാലിക മറവിരോഗമുള്ളതിനാൽ അത്യാവശ്യ പരിപാടികളിൽ നിന്നൊഴികെ മാറിനിൽക്കുമെന്ന് സൂചിപ്പിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് വാർത്തയായപ്പോൾ മാധ്യമങ്ങളെ പഴിച്ച് സച്ചിദാനന്ദൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.