ദേവസ്വം മന്ത്രിക്ക് ജാതി വിവേചനം നേരിട്ടത് പയ്യന്നൂരിൽ

പയ്യന്നൂർ: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് നേരെ ജാതിവിവേചനം നടന്നത് പയ്യന്നൂരിലെ ക്ഷേത്രത്തിൽ. നഗരത്തോട് ചേർന്ന മലബാർ ദേവസ്വം ബോർഡിന് കീഴിലെ നമ്പ്യാത്രകൊവ്വൽ ശിവക്ഷേത്രത്തിലാണ് മന്ത്രി വിവേചനത്തിന്റെ ഇരയായത്.

Full View

ഈ വർഷം ജനുവരി 26 ന് ക്ഷേത്രത്തിന്റെ നടപ്പന്തൽ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. പൂജാരിമാർ വിളക്കു കൊളുത്തിയ ശേഷം മന്ത്രിക്ക് കൈമാറാതെ താഴെ വെച്ചതാണ് വിവാദമായത്. താഴെ നിന്ന് വിളക്കെടുത്ത് ദേവസ്വം എക്സിക്യുട്ടിവ് ഓഫിസർ മന്ത്രിക്ക് നൽകിയെങ്കിലും മന്ത്രി അത് വാങ്ങാൻ തയാറായില്ല. ഈ സമയത്ത് സി.പി.എം നേതാവും സ്ഥലം എം.എൽ.എയുമായ ടി.ഐ. മധുസൂദനൻ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാനും പ്രാദേശിക സി.പി.എം നേതാവുമായ ടി.പി.സുനിൽകുമാർ, നഗരസഭ ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് മന്ത്രിയുടെ പ്രസംഗത്തിൽ ജാതി വിവേചനം വിഷയമായി വന്നുവെങ്കിലും അന്നത്തെ അനുഭവവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അതു കൊണ്ടു തന്നെ സംഭവം അന്നത്ര വിവാദമാകുകയും ചെയ്തില്ല. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിൽ മന്ത്രി ദുരനുഭവം പറഞ്ഞതോടെ സംഭവം വിവാദമായത്.

അതേസമയം, വിളക്ക് നിലത്ത് വെച്ചത് വിവേചന മനോഭാവത്തിലല്ലെന്നും ആചാരത്തിന്‍റെ ഭാഗമാണെന്നുമാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. ശാന്തി ശുദ്ധം പൂജാരിമാർ പാലിക്കേണ്ട ആചാരങ്ങളിലൊന്നാണ്. കുളിച്ച് പൂജക്ക് തയാറായാൽ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന ആചാരം പാലിക്കുക മാത്രമാണുണ്ടായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

Tags:    
News Summary - Devaswom minister K Radhakrishnan faced caste discrimination in Payyannur Nambayatrakoval Shiva Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.