ദേവഗൗഡയുടെ വെളിപ്പെടുത്തൽ: പിണറായി വിജയൻ മറുപടി പറയണം -റസാഖ് പാലേരി

തിരുവനന്തപുരം: ജെ.ഡി.എസ് നേതാവ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണെന്നും വസ്തുത വെളിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവാദിത്തമുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.  കർണാടകയിൽ ബി.ജെ.പിയുമായി സഖ്യം ചേരാനുള്ള ജെ.ഡി.എസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെയും സമ്മതത്തോടെയുമാണെന്നായിരുന്നു ദേവഗൗഡ പറയുന്നത്. 

പിണറായി വിജയൻ തുടരുന്ന മൗനം പലതരം സംശയങ്ങൾക്കും ഇട നൽകുന്നതാണ്. അധികാരം നിലനിർത്തുന്നതിന് ഏതറ്റം വരെയും പോകുന്നവരാണ് തങ്ങളെന്നാണ് പിണറായി വിജയനും കേരള സി പി .എമ്മും ഇതിലൂടെ തെളിയിക്കുന്നത്. കേരളത്തിൽ അവസരം തേടി നടക്കുന്ന ബി.ജെ.പിക്ക് കൂടുതൽ ഇടം നൽകുന്നതിൻ്റെ ഭാഗമാണിത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എൻ.ഡി.എ യുടെ സഖ്യകക്ഷിയായ ഒരു പാർട്ടിയെ ഇടതു മുന്നണിയിൽ നിലനിർത്തുന്നതിന്റെ ന്യായം കേരളത്തോട് സി.പി.എം വ്യക്തമാക്കണം.

സംഘ് പരിവാറിനെ തങ്ങൾ മാത്രമാണ് പ്രതിരോധിക്കുന്നതെന്ന സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും അവകാശവാദത്തിലെ പൊള്ളത്തരം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് ദേവഗൗഡ നടത്തിയിരിക്കുന്നത്. - അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മുന്നണിയുടെ ഭാഗമായ ദേശീയ രാഷ്ട്രീയ പാർട്ടിയായ ജെ.ഡി.എസ്സിന്റെ ഭാഗം തന്നെയാണ് കേരള ഘടകം എന്ന് ദേശീയ അധ്യക്ഷൻ അസന്നിഗ്ധമായി വെളിപ്പെടുത്തിയിട്ടും ആ പാർട്ടിയുടെ പ്രതിനിധിക്ക് മന്ത്രിസ്ഥാനം നൽകുകയും അതേ സമയം തന്നെ സംഘ്പരിവാർ വിരുദ്ധരാണ് തങ്ങളെന്ന് മേനി നടിക്കുകയും ചെയ്യുന്ന കേരള സി.പി.എമ്മിന്റെ കാപട്യ നിലപാടിനെതിരെ വൻ ജനരോഷം ഉയർന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - Deve Gowda's revelation: Pinarayi Vijayan must answer - Razakh Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.